പെൺസുഹൃത്തിനെ കാണാൻ വീട്ടിലെത്തി; 18 കാരനായ ദലിത് യുവാവിനെ മർദിച്ച് കൊന്നു

News Desk
1 Min Read

ഖോൽഗഡ്: ജാതി വെറിയെ തുടർന്ന് വീണ്ടും കൊലപാതകം. ഉയർന്ന ജാതിയിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ 18 കാരനായ ദലിത് യുവാവിനെ മർദിച്ച് കൊന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. ഉത്തരാഖണ്ഡിലെ ഖോൽഗഡ് ഗ്രാമത്തിലാണ് സംഭവം.

ദേവൽ ഗ്രാമവാസിയായ കേതൻ ലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ സുഹൃത്ത് ദിവാകർ ദിമ്രി ബൗരാരിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കേതന്റെ പിതാവ് ധനപാൽ ലാൽ നൽകിയ പരാതി പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു.

”ഖോൽഗഡിൽ നിന്നുള്ള ഒരു പെൺകുട്ടിയുമായി കേതൻ കഴിഞ്ഞ ആറു മാസമായി സൗഹൃദത്തിലായിരുന്നു. രാത്രി 11 മണിയോടെ പെൺകുട്ടി കേതന്റെ മൊബൈൽ ഫോണിൽ വിളിച്ച് തന്റെ ഗ്രാമത്തിലേക്ക് വരാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ദിവാകർ ദിമ്രിയുമായി കേതൻ ഖോൽഗറിലേക്ക് പോയി. വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ ഇരുവരെയും ഒരു മുറിയിൽ പൂട്ടിയിട്ട് വടികൊണ്ട് ആക്രമിക്കുകയായിരുന്നു” – പൊലീസ് പറഞ്ഞു.

രക്തത്തിൽ കുളിച്ചുകിടന്ന മകനെ ധനപാൽ ചൗണ്ട് ലാംബ്ഗാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരും കുടുംബവും ആദ്യം മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റെടുക്കാൻ വിസമ്മതിക്കുകയും അക്രമികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article