റിയാദ് : തലസ്ഥാന നഗരിയായ റിയാദിനു നേരെ ഹൂത്തികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്ത അവശിഷ്ടങ്ങൾ വീണ് റിയാദിലെ റെസിഡൻഷ്യൽ കെട്ടിടത്തിനും കാറിനും നിർമാണത്തിലിരുന്ന പദ്ധതി പ്രദേശത്തിനും കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. നഗരിക്ക് നേരെയെത്തിയ മിസൈൽ ആകാശത്തു വെച്ച് വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചു വിജയകരമായി തടഞ്ഞിരുന്നു.
റിയാദ് ലക്ഷ്യമാക്കി വന്ന മിസൈലുകൾ ലക്ഷ്യത്തിലെത്തുന്നതിനു മുമ്പ് തന്നെ തകർക്കുകയായിരുന്നുവെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി സ്ഥിരീകരിച്ചു. ദക്ഷിണ സഊദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂത്തികൾ അയച്ച നാല് ഡ്രോണുകളും കിഴക്കൻ സഊദിയിലേക്ക് തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഇന്ന് പുലർച്ചെ സഖ്യസേന വിജയകരമായി തകർത്തതായും വക്താവ് കൂട്ടിച്ചേർത്തു.
നേരത്തെ, റിയാദ്, അൽഖർജ്, റിയാദ് പ്രവിശ്യയിലെ അൽഹരീഖ്, നജ്‌റാൻ, ഖമീസ് മുശൈത്ത്, അബഹ എന്നീ പ്രദേശങ്ങളിൽ ആക്രമണ സാധ്യതയെക്കുറിച്ച് ‘നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം’ വഴി സിവിൽ ഡിഫൻസ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് ഈ പ്രദേശങ്ങളിൽ അപകടസാധ്യത ഒഴിഞ്ഞതായി അധികൃതർ വ്യക്തമാക്കുകയുണ്ടായി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
