സഊദി ഡസ്ക് : സഊദി അറേബ്യയെ പിന്തുണയ്ക്കുന്ന ഉള്ളടക്കങ്ങൾ ടിക്‌ടോക്ക് പ്ലാറ്റ്‌ഫോം മനഃപൂർവം നീക്കം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ബഹിഷ്കരണ ആഹ്വാനവുമായി ഉപയോക്താക്കൾ. ഒക്ടോബർ 27 ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ടിക്‌ടോക്ക് ബഹിഷ്‌കരിക്കാൻ സഊദി ഉപയോക്താക്കൾ ആഹ്വാനം ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പോസ്റ്റുകൾ നീക്കം ചെയ്യുന്നു
സഊദി അറേബ്യയെ പിന്തുണയ്ക്കുന്ന പോസ്റ്റുകളും, സഊദി നേതൃത്വം കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളെക്കുറിച്ചുള്ള പോസ്റ്റുകളും നീക്കം ചെയ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടതായി സഊദി ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. സഊദി അറേബ്യയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളെ ലക്ഷ്യമിട്ടാണ് ഇത്തരം നടപടികൾ നടക്കുന്നതെന്ന് അവർ കരുതുന്നു.
ബഹിഷ്‌കരണ പ്രചാരണം
“Saudi Arabia is a red line” എന്ന മുദ്രാവാക്യമുയർത്തിയാണ് ബഹിഷ്‌കരണ പ്രചാരണം നടക്കുന്നത്. തങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്യാനും, ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യാനും, മൂന്ന് ദിവസത്തേക്ക് അത് ഉപയോഗിക്കാതിരിക്കാനും ഉപയോക്താക്കൾ ആഹ്വാനം ചെയ്യുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യം
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള നിയന്ത്രണമായാണ് ഇതിനെ കാണുന്നതെന്ന് പ്രചാരണത്തിന് നേതൃത്വം നൽകുന്നവർ വ്യക്തമാക്കി. സഊദി അറേബ്യയെയും, അവിടുത്തെ നേതൃത്വത്തെയും, വിശുദ്ധ സ്ഥലങ്ങളെയും പ്രതിരോധിക്കുന്ന പോസ്റ്റുകളെയാണ് ടിക്‌ടോക്ക് ലക്ഷ്യമിടുന്നതെന്നും അവർ ആരോപിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
