റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. നജ്റാന്, ജിസാന്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ്, കനത്ത മഴ, മൂടല്‍മഞ്ഞ് എന്നിവയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.
നജ്റാന് നഗരത്തിലും ബദ്ര് അല്‍ ജനൂബ്, യദ്മ, സാര്‍, ഹബൂന, ഖുബാഷ് എന്നീ ഗവര്‍ണറേറ്റുകളിലും മണിക്കൂറില്‍ 40 മുതല്‍ 49 കിലോമീറ്റര്‍ വരെ വേഗമുള്ള ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെടും. ഇതോടെ കാഴ്ചപരിധി 3 മുതല്‍ 5 കിലോമീറ്റര്‍ വരെയായി കുറയാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം രാത്രി 7 മണി വരെ തുടരും.
അതേസമയം ജിസാന്‍ പ്രവിശ്യയില്‍ ഇടത്തരം മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റ്, ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. ജിസാന്‍ നഗരം, അല്‍-ഹര്‍ത്ത്, അല്‍-ദായര്‍, അല്‍-റൈത്ത്, അല്‍-ആര്‍ദ, ഫീഫ, ഹറൂബ്, സാമ്ത, അബു അരീഷ്, സാബ്യ, ബീഷ് തുടങ്ങി മിക്ക ഗവര്‍ണറേറ്റുകളെയും ബാധിക്കുന്ന ഈ പ്രതികൂല കാലാവസ്ഥ രാത്രി 9 മണി വരെ നീളും.
കിഴക്കന്‍ പ്രവിശ്യയിലെ ദമാം, ദഹ്റാന്‍, ജുബൈല്‍, ഖത്തീഫ്, ഖോബാര്‍, അല്‍-അഹ്സ തുടങ്ങിയ പ്രദേശങ്ങളില്‍ അതിരാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുകയും കാഴ്ചപരിധി കുറയുകയും ചെയ്തിരുന്നു. ഇതിനുപുറമേ, ഹഫര്‍ അല്‍-ബാത്തിന്, ഖഫ്ജി പ്രദേശങ്ങളില്‍ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും തീരദേശങ്ങളില്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
