- കൊല്ലപ്പെട്ടവരിൽ 8 പ്രവാസികൾ.
- ഒരാഴ്ചക്കിടെ റിയാദ് എയർപോർട്ടിൽ മാത്രം കൊലപ്പെട്ടവർ 18 ആയി
റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. പരിക്കേറ്റവരിൽ ഗുരുതരാവസ്ഥയിലുള്ളവരും ഉൾപ്പെടുന്നു; ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിമാനത്താവള പാസഞ്ചർ ടെർമിനലിൽ നടന്ന ആക്രമണത്തിൽ യാത്രക്കാരും വിമാനത്താവള, വിമാന ജീവനക്കാരുമാണ് അപകടത്തിൽ പെട്ടത്.
ആക്രമണം ഭൗതിക നാശനഷ്ടങ്ങൾക്കും കാരണമായിട്ടുണ്ട്. ഇതിന്റെ വ്യാപ്തി ഇപ്പോഴും വിലയിരുത്തിവരികയാണ്. ആക്രമണത്തിൽ ഇരകളായവരിൽ 4 പൗരന്മാരും 8 പ്രവാസികളും ഉൾപ്പെടുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. പ്രവാസികളിൽ രണ്ട് ബംഗ്ലാദേശികൾ, ഒരു അമേരിക്കൻ പൗരൻ, ഒരു ഈജിപ്ഷ്യൻ, ഒരു ജോർദാനിയൻ, ഒരു സിറിയൻ, ഒരു പലസ്തീനിയൻ, ഒരു സുഡാനീസ് പൗരൻ എന്നിവർ ഉൾപ്പെടുന്നു. ആക്രമണം മൂലമുണ്ടായ ഭൗതിക നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.
അതിനിടെ, മറ്റൊരു സംഭവത്തിൽ, ‘യമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേന’യുടെ (Coalition to Support Legitimacy in Yemen) ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു പ്രൊജക്റ്റൈൽ പതിച്ചതായി അറിയിച്ചു. ഭീകരവാദികളായ ഹൂതി സേന വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ അൽ-ഖർജ് ഗവർണറേറ്റിൽ വെച്ച് തടഞ്ഞ് നശിപ്പിച്ചതായും സഖ്യസേന അറിയിച്ചു.
അതേസമയം, യാത്രക്കാരെയും വിമാനത്താവള ജീവനക്കാരെയും ഉൾപ്പെടെയുള്ളവർക്കെതിരായ ഈ നടപടി, യുദ്ധക്കുറ്റമാണെന്നും വൻ തിരിച്ചടി ഉണ്ടാകുമെന്നും സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സേന പ്രതികരിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമവും കീഴ്‌വഴക്കങ്ങളും പ്രകാരം ഒരു സമ്പൂർണ്ണ യുദ്ധക്കുറ്റവും, അടിസ്ഥാന തത്വങ്ങൾക്കും മൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും വിരുദ്ധമായ ഹീനമായ പ്രവൃത്തിയുമാണ്. സഖ്യസേനയുടെ സംയുക്ത കമാൻഡ് ഈ ഭീകരാക്രമണത്തോട് അന്താരാഷ്ട്ര മാനുഷിക നിയമത്തിനും അതിലെ കീഴ്വഴക്കങ്ങൾക്കും അനുസൃതമായി ശക്തമായി പ്രതികരിക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
