പറക്കുന്നതിന് തൊട്ടുമുമ്പ് ‘അടിച്ചുഫിറ്റ്’; സർവീസ് മുടങ്ങി, എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ

News Desk
1 Min Read

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൈലറ്റിനെ സസ്പെൻഡ് ചെയ്തു. സൂറിച്ച് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിലെ സഹപൈലറ്റിനെയാണ് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് കമ്പനി സസ്പെൻഡ് ചെയ്തത്.

ഈ മാസം ആറിനായിരുന്നു സംഭവം. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മദ്യം കഴിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് പൈലറ്റിനെ വിമാനത്തിൽ നിന്ന് മാറ്റുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ പൈലറ്റ് പരാജയപ്പെട്ടു. സൂറിച്ചിൽ തന്നെ നടത്തിയ രണ്ടാമത്തെ പരിശോധനയുടെ ഫലം ലഭിക്കാനുണ്ട്. തുടർന്ന് പൈലറ്റിനെ യാത്രക്കാരനായാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. അന്തിമ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് ലഭിക്കുന്നതുവരെ സസ്പെൻഷൻ തുടരുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

പൈലറ്റിനെ മാറ്റിയതോടെ എയർ ഇന്ത്യയുടെ സർവീസ് നടത്താനിരുന്ന വിമാനത്തിന് നിശ്ചയിച്ച സമയത്ത് ഡൽഹിയിലേക്ക് സർവീസ് നടത്താനായില്ല. അടുത്ത ദിവസമാണ് വിമാനം ഡൽഹിയിലേക്ക് സർവീസ് നടത്തിയത്. സുരക്ഷാ ചട്ടങ്ങളുടെയോ റെഗുലേറ്ററി മാനദണ്ഡങ്ങളുടെയോ കമ്പനി നിബന്ധനകളുടെയോ ലംഘനങ്ങളോട് എയർ ഇന്ത്യയ്ക്ക് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് കമ്പനി വ്യക്തമാക്കി.

സ്ഥിരീകരിക്കപ്പെടുന്ന നിയമലംഘനങ്ങളിൽ നിയന്ത്രണ ചട്ടങ്ങൾക്കും കമ്പനി നയങ്ങൾക്കും അനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.അടുത്തിടെ ഫുക്കറ്റിൽ നിന്നും ‌ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് മയക്കുമരുന്ന് പരിശോധനയിൽ രണ്ടുതവണ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

ഇതേ വിമാനം ഒഡിഷയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെ പെട്ടെന്ന് ആകാശത്തുനിന്ന് ഏകദേശം 300 അടി താഴ്ചയിലേക്ക് പതിച്ചിരുന്നു. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിൽ 20-ലധികം യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരിക്കേറ്റിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് എയർ ഇന്ത്യ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന ഏർപ്പെടുത്തിയത്.

……

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!