ന്യൂഡൽഹി: വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്ത നിലപാടുമായി ഡൽഹി ഹൈക്കോടതി.
ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ എ ഐ സാങ്കേതികവിദ്യയും ഫേസ് സ്വാപ്പ് സാങ്കേതികവിദ്യയും ഉപയോഗിച്ച് യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ സോഷ്യൽ മീഡിയ ഭീമനായ മെറ്റക്ക് കോടതി കർശന നിർദേശം നൽകി. മോർഫ് ചെയ്ത് നിർമിച്ച മുഴുവൻ ചിത്രങ്ങളും ലിങ്കുകളും 24 മണിക്കൂറിനകം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, രത്ന സിംഗ് എന്നിവർക്കും കേസിൽ കോടതി നോട്ടീസ് അയച്ചു. തൻ്റെ അനുമതിയില്ലാതെ ചിത്രം മോർഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തോടൊപ്പം വ്യാജമായി ചേർത്തുവെച്ച് ബാനറുകളിലും പോസ്റ്ററുകളിലും ഉപയോഗിച്ചുവെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. സംഭവത്തിൽ ഇൻസ്റ്റാഗ്രാം ഉൾപ്പെടെ പ്ലാറ്റ്ഫോമുകളിൽ മോശം മുദ്രാവാക്യങ്ങളോടെ വീഡിയോ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.
സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും സി ജെ പി നേതാക്കളുടെ പേരുകൾ എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെത്തുടർന്ന് യുവതി സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. കേസിൽ ഡൽഹി പോലീസിന് നോട്ടീസ് അയച്ച കോടതി രണ്ട് ആഴ്ചയ്ക്കകം സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കൂടാതെ ഹരജിക്കാരിയായ യുവതിക്ക് ആവശ്യമായ പോലീസ് സംരക്ഷണം ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു.
പ്രധാനമന്ത്രി ഉൾപ്പെട്ട വിഷയം ആയിട്ടും അധികൃതർ വേണ്ടത്ര ഗൗരവം കാണിച്ചില്ലെങ്കിൽ അത് ഗൗരവമായി തന്നെ കണ്ട് നടപടിയെടുക്കുമെന്ന് ജസ്റ്റിസ് ഗിരീഷ് കഥ്പാലിയ വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
