കൊച്ചി: വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതി കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണം ഏതാണ്ട് പൂർത്തിയായെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി പറഞ്ഞു.
എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും നിർദേശമുണ്ട്.
അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടിയിലായതോടെയാണ് പുറത്ത് വന്നത്. ഈ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്. കേസിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ.കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ (ബ്ലോക്ക് റിസോഴ്സ് സെന്റർ) സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി.നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജന്റുമായ ജിജിൽ കുര്യാക്കോസ്, സഫ്വാൻ എന്നിവരാണ് അറസ്റ്റിലായത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
