വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഫേസ്ബുക്കില്‍ കുറിപ്പായി പങ്കുവച്ചശേഷം ജീവനൊടുക്കിയത്. മരണത്തിന് ഏക ഉത്തരവാദി മോട്ടോര്‍ വാഹന വകുപ്പാണ്.
കൈക്കൂലി കൊടുത്തില്ലെന്ന ഏക കാരണംകൊണ്ട് അവരെന്റെ ജീവിതം തകര്‍ത്തു. പത്ത് മാസമായി ഏജന്റ്, എംവിഡി ഓഫീസുകള്‍ കയറിയിറങ്ങി. മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല. ഇഎംഐ മുഴുവന്‍ മുടങ്ങി. ക്രെഡിറ്റ് സ്കോര്‍ താഴ്ന്നു. അടുത്ത ഇര നിങ്ങളാവരുത് എന്നാണെങ്കിൽ, മരണത്തിനു ശേഷമെങ്കിലും എനിക്ക് നീതി വാങ്ങി തരുക എന്നതാണ് ഇന്ത്യൻ സിറ്റിസൺ എന്ന നിലയിൽ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത്.
സ്റ്റേറ്റ് കാരണം മരണം വരിക്കേണ്ടി വന്ന എനിക്ക് ഈ സംവിധാനത്തിൽ നിന്നും നീതി കിട്ടാൻ സ്റ്റേറ്റിന്റെ ഭാഗമായ നിങ്ങൾ ഓരോരുത്തരും ശബ്ദമുയർത്തുക എന്നത് മാത്രമാണ് പോംവഴി. സിസ്റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് തന്റെ ആത്മഹത്യ. മികച്ച ഭരണഘടനയും, ജനാധിപത്യവും, പ്രവർത്തന ക്ഷമമായ സിസ്റ്റവും ഉള്ള നമ്മുടെ രാജ്യത്ത് കടുത്ത അഴിമതി നടക്കുന്നെങ്കിൽ അതിന്റെ പ്രധാന കാരണം ജനം കാര്യക്ഷമമായി ഇടപെടുന്നില്ല എന്നത് തന്നെയാണ്. അതിനാൽ ഞാൻ സ്വന്തം ജീവൻ ബലിയർപ്പിച്ചു അഴിമതിക്കെതിരെ പോരാടാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. എന്നിങ്ങനെ തുടരുന്ന കുറിപ്പില്‍ ആഭ്യന്തര മന്ത്രിയും ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെടുന്നുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് മാത്രമാണ്. കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവർ എന്റെ ജീവിത മാർഗം തന്നെ തകർത്തു. കഴിഞ്ഞ പത്തു മാസമാണ് ഞാൻ ഏജന്റ്, mvd ഓഫീസുകൾ കയറി ഇറങ്ങിയത്. ഇനി എന്റെ മുൻപിൽ മറ്റു മാർഗങ്ങളില്ല. എന്റെ emi മുഴുവൻ മുടങ്ങി കഴിഞ്ഞു. ക്രഡിറ്റ് സ്കോർ 820ൽ നിന്ന് 600ലേക്ക് താഴ്ന്നു.. അതേ കുറിച്ചെല്ലാം നേരെത്തെ പറഞ്ഞല്ലോ..
അടുത്ത ഇര നിങ്ങളാവരുത് എന്നാണെങ്കിൽ മരണത്തിന് ശേഷമെങ്കിലും എനിക്ക് നീതി വാങ്ങി തരിക എന്നതാണ് ഒരു ഇന്ത്യൻ സിറ്റിസൺ എന്ന നിലയിൽ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത്. എനിക്ക് മാതാപിതാക്കളോ സഹോദരങ്ങളോ , ഭാര്യയോ കുട്ടിയോ ഒന്നുമില്ല. അതിനാൽ മരണത്തിന് ശേഷം ഇന്ത്യൻ നിയമം അനുസരിച്ചു എന്റെ കേസ് നടത്താൻ സ്റ്റേറ്റ് മാത്രമാണ് ഉള്ളത്. അതേ സ്റ്റേറ്റ് കാരണം മരണം വരിക്കേണ്ടി വന്ന എനിക്ക് ഈ സംവിധാനത്തിൽ നിന്നും നീതി കിട്ടാൻ സ്റ്റേറ്റിന്റെ ഭാഗമായ നിങ്ങൾ ഓരോരുത്തരും ശബ്ദമുയർത്തുക എന്നത് മാത്രമാണ് പോംവഴി.
ഒരു പക്ഷെ സർക്കാരിലെ ഉന്നതരെയോ കോടതിയെയോ സമീപിച്ചിരുന്നുവെങ്കിൽ എനിക്ക് ആവശ്യമുള്ള രേഖകൾ സംഘടിപ്പിക്കാൻ സാധിക്കുമായിരുന്നു. പക്ഷെ അതൊരിക്കലും സിസ്റ്റത്തെ തിരുത്താനുള്ള കാരണമായി മാറില്ല. ഏതെങ്കിലും രേഖയ്ക്ക് വേണ്ടി എല്ലാവരും കോടതി കയറി ഇറങ്ങുക എന്നത് അത്ര എളുപ്പമുള്ള പരിഹാരമല്ലല്ലോ. അതിനാൽ തന്നെ സിസ്റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ ആത്മാഹുതി. മികച്ച ഭരണഘടനയും ,ജനാധിപത്യവും, പ്രവർത്തന ക്ഷമമായ സിസ്റ്റവും ഉള്ള നമ്മുടെ രാജ്യത്ത് കടുത്ത അഴിമതി നടക്കുന്നെങ്കിൽ അതിന്റെ പ്രധാന കാരണം ജനം കാര്യക്ഷമമായി ഇടപെടുന്നില്ല എന്നത് തന്നെയാണ്. അതിനാൽ ഞാൻ സ്വന്തം ജീവൻ ബലിയർപ്പിച്ചു അഴിമതിക്കെതിരെ പോരാടാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.
എന്റെ വിഷയത്തിൽ എപ്പോഴത്തെയും പോലെ ഒരു അന്വേഷണ പ്രഹസനമാണ് നടക്കുന്നത് എങ്കിൽ ഒരു അഴിമതിക്കാരായ mvd ഉദ്യോഗസ്ഥർ തീർച്ചയായും രക്ഷപ്പെടും. കാരണം അവർ ഉന്നയിക്കുന്ന വാദം എന്റെ വണ്ടി unfit ആണെന്നതായിരിക്കും. ഞാൻ ചെയ്ത സ്റ്റീൽ വർക്ക് നിയമ വിരുദ്ധം അല്ലെന്ന് കഴിഞ്ഞ രണ്ടു തവണയും സർട്ടഫൈ ചെയ്തതും പ്രസ്തുത mvd തന്നെയാണ്. ഇനി അങ്ങനെ അല്ലെന്നും എന്റെ വണ്ടി അടക്കം മറ്റുള്ള വണ്ടികൾക്കും ഫിറ്റ്നസ് അനുവദിക്കുന്ന സമയത്ത് സ്റ്റീൽ വർക്ക് ഇല്ല എന്നുമുള്ള വാദങ്ങളും mvd ഉന്നയിക്കാൻ സാധ്യതയുണ്ട്. അതെല്ലാം പൊളിക്കാൻ നല്ല രീതിയിൽ അന്വേഷണം നടന്നാൽ മാത്രമേ സാധിക്കൂ. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്ന് അവസാന ആഗ്രഹമെന്ന നിലയിൽ പറയുന്നു.
ഏജന്റ് സംവിധാനമാണ് mvd അഴിമതിയുടെ പ്രധാന കാരണം . ഇത് അവസാനിച്ചാൽ 80% അഴിമതിയും വകുപ്പിൽ അവസാനിക്കും. അതിന് എന്റെ ജീവൻ നൽകാൻ ഞാൻ തയ്യാറാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിങ്ങളെ പ്രധാനമായും സഹായിക്കാൻ കഴിയുക വിവരാവകാശ നിയമത്തിനായിരിക്കും. കൃത്യമായ രീതിയിൽ ചോദ്യം ചോദിച്ചാൽ സ്വന്തം കാര്യവും നടക്കും. അഴിമതിയും ഇല്ലാതാവും. അതിനായി ഒരു പുസ്തകം കൂടി ഞാൻ സജസ്റ്റ് ചെയ്യുന്നു. പ്രശാന്ത് ias എഴുതിയ ‘സിസ്റ്റം ഔട്ട് കംപ്ലീറ്റ് ‘ ആണത്. അത് വായിച്ചാൽ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നും വിവരാവകാശ നിയമത്തിലൂടെ നിങ്ങളുടെ ആവശ്യങ്ങൾ എങ്ങനെ നേടിയെടുക്കാൻ എന്നും പഠിക്കാം.
അഴിമതി തുലയട്ടെ..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
