ഹവാല ഇടപാട് റിയാസും അന്വേഷണവലയത്തിൽ

News Desk
2 Min Read

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരെയുള്ള ഇ.ഡി നീക്കവും അവർ പുറത്തുവിട്ട, ഹവാല ഇടപാടിലേക്കടക്കം വിരൽ ചൂണ്ടുന്ന വിവരങ്ങളും സിപിഎമ്മിനെ കുഴപ്പത്തിലാക്കുന്നു. വീണയുടെ ഭർത്താവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ.മുഹമ്മദ് റിയാസും ഇ.ഡിയുടെ അന്വേഷണ വലയത്തിലാണെന്ന ആധിയിലാണ് പാർട്ടി.

മുൻ മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ നേതാവിന്റെ മകൾക്കും മരുമകനുമാണ് അനധികൃത സാമ്പത്തിക ഇടപാടുകളുടെ പേരിൽ കുരുക്ക്. പാർട്ടിക്കു കയ്യൊഴിഞ്ഞു നിൽക്കാനാകില്ല.

വീണയ്ക്കെതിരെയുള്ള ഏതൊരു നീക്കവും പാർട്ടിക്കെതിരെയുള്ള നീക്കം കൂടിയാണെന്ന മുൻ നിലപാടിൽനിന്ന്, അതേസമയം സിപിഎം തന്ത്രപരമായി പിന്നോട്ടു പോയിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ.ഡി റെയ്ഡിനു പിന്നാലെ ഉദ്യോഗസ്ഥ സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷമാണ് ഈ വീണ്ടുവിചാരം. തന്നോട് ഇ.ഡി ഒന്നുംതന്നെ ചോദിച്ചില്ലെന്നാണ് അതിനുശേഷം അന്നു പിണറായി പ്രതികരിച്ചത്. പിന്നെ ആർക്കു വേണ്ടിയാണ് ഇ.ഡിയെ ആക്രമിച്ചു നാണംകെട്ടതെന്ന ചോദ്യം സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. കേന്ദ്രനേതൃത്വം നടപടിയോടു വിയോജിക്കുകയും ചെയ്തു. അതിനുശേഷം വീണയെ ചോദ്യംചെയ്യാൻ വിളിച്ചപ്പോഴുൾപ്പെടെ സംയമനം പാലിക്കുകയാണ് പാർട്ടി ചെയ്തത്.

ഇ.ഡിയുടെ പുതിയ നീക്കത്തെയും അവർ പുറത്തുവിട്ട വിവരങ്ങളെയും ശ്രദ്ധാപൂർവമാണ് പാർട്ടി സമീപിക്കുന്നത്. അതേസമയം, റിയാസിനെ ഉന്നമിട്ടുള്ള നീക്കത്തിനെതിരെ രംഗത്തുവരികയും ചെയ്തു. കോഴിക്കോട്ട് രാഷ്ട്രീയ വിശദീകരണ യോഗവും തീരുമാനിച്ചിട്ടുണ്ട്. റിയാസിനെ ചോദ്യം ചെയ്യാനായി ഇ.ഡി വിളിപ്പിക്കുമെന്ന സൂചന പാർട്ടിക്കുമുണ്ട്.

കേന്ദ്രകമ്മിറ്റി അംഗമായ കെ.രാധാകൃഷ്ണനെതിരെ കരുവന്നൂർ കേസിൽ ഇ.ഡിയുടെ നീക്കം നടന്നപ്പോൾ പാർട്ടി പ്രതിരോധിച്ചതിന്റെ തുടർച്ചയായാണ് റിയാസിന് സംരക്ഷണം തീർക്കുന്നതെന്നു പാർട്ടി കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി. റിയാസുമായി ബന്ധമുള്ളവരുടെ വീട്ടിൽ നടന്ന റെയ്ഡിനെ അപലപിച്ചപ്പോൾ തന്നെ വീണയ്ക്കെതിരെ പുറത്തുവന്ന കാര്യങ്ങളെക്കുറിച്ച് അക്കൂട്ടത്തിൽ പറയാതിരിക്കാനുള്ള ജാഗ്രത സംസ്ഥാന സെക്രട്ടറി പുലർത്തി.

സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റിക്ക് കോഴിക്കോട് വേദിയാകാൻ പോകുമ്പോഴാണ് അതേ നഗരത്തിൽ പാർട്ടിക്കെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ നീക്കം നടക്കുന്നത്. വീണയുടെ കയ്യെഴുത്ത് കണക്കുകളാണു തെളിവായി ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ജയിൻ ഹവാല കേസിലും എസ്സാർ സ്റ്റീൽ ഇൻഡസ്ട്രീസ് കേസിലും, കയ്യെഴുത്ത് രേഖകളുടെ മാത്രം അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ സാമ്പത്തിക കുറ്റം ചുമത്താൻ കഴിയില്ലെന്ന നിലപാടാണ് സുപ്രീം കോടതി എടുത്തതെന്നു ചൂണ്ടിക്കാട്ടുന്ന പാർട്ടി കേന്ദ്രങ്ങളുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article