ഭുവനേശ്വര്‍: ബിഹാറിലെ നളന്ദയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ഗുരുതര അനാസ്ഥ. പാരാസി മിഡില്‍ സ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനിടെ ഉപ്പിന് പകരം നല്‍കിയത് ഡിറ്റര്‍ജന്റ്. ഭക്ഷണം കഴിച്ച നാല്‍പ്പതോളം കുട്ടികൾക്ക് വയറിന് അസ്വസ്ഥത ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള വിദ്യാർത്ഥികളിൽ 17 പേര്‍ പെണ്‍കുട്ടികളാണ്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.
എന്‍ജിഒ വഴിയാണ് സ്‌കൂളിലേക്ക് ഉച്ചഭക്ഷണം എത്തിച്ചിരുന്നത്. ചോറിനൊപ്പം സോയാബീനും ഉരുളക്കിഴങ്ങുകയറിയുമാണ് ഉണ്ടായിരുന്നത്. ഇതില്‍ സോയാബീന്‍ കറിയില്‍ ഉപ്പ് കുറവായിരുന്നതിനാല്‍ കുട്ടികള്‍ ഉപ്പ് വേണമെന്ന് പാചകകാരനോട് ആവശ്യപ്പെട്ടു. പിന്നാലെ ഉപ്പാണെന്ന് കരുതി പാചകകാരന്‍ ഡിറ്റര്‍ജന്റ് നല്‍കുകയായിരുന്നുവെന്ന് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ശൈലേന്ദ്ര കുമാര്‍ സിങ് പറയുന്നു.
നൂര്‍സാരായി പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. വാര്‍ത്ത പ്രചരിച്ചതോടെ ആശങ്കയിലായ മാതാപിതാക്കള്‍ ആശുപത്രിയില്‍ തടിച്ചുകൂടി. നിലവില്‍ വിദ്യാര്‍ത്ഥികളെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് ബിഹാര്‍ ഗ്രാമവികസന മന്ത്രി ശ്രാവണ്‍ കുമാര്‍ ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചു. ആശുപത്രിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
ഭക്ഷണം കഴിച്ചതിന് ശേഷം തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നും പല കുട്ടികള്‍ക്കും വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായെന്നും ചികിത്സയിലുള്ള ഒരു വിദ്യാര്‍ത്ഥി പറയുന്നു. സ്‌കൂളില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നിടത്ത് എങ്ങനെയാണ് ഡിറ്റര്‍ജന്റ് വന്നതെന്ന കാര്യത്തിലാണ് ഇപ്പോൾ പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സ്‌കൂളിലേക്കുള്ള ഭക്ഷണവിതരണ നടപടികളിലും പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
