വഴങ്ങാതെ രാഹുൽ, കസ്റ്റഡിയിലെടുത്തത് 18 പോലീസുകാർ ചേർന്ന്; ഡൽഹിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

News Desk
2 Min Read

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായി നടത്തിയ ഒരുദിവസം നീണ്ട പ്രതിഷേധത്തിനൊടുവിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

ആകാശവാണി ഭവന് മുന്നിൽ നിന്നാണ് രാഹുലിനേയും വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തത്.. ഒമ്പതുമണിക്കൂറോളമാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ആകാശവാണി ഭവന് മുന്നിലെ ആൽമരത്തിന് കീഴിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. അതിനാടകീയമായ രംഗങ്ങൾക്കൊടുവിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കോൺഗ്രസ് പ്രവർത്തകരേയും എംപിമാരേയുമാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്. തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിഷേധിക്കുന്ന നേതാക്കൾക്ക് ചുറ്റും പോലീസ് വലയം തീർത്തു. ഈ സമയം മാധ്യമപ്രവർത്തകരെ ഉൾപ്പെടെ ഇവിടെനിന്ന് മാറ്റിയിരുന്നു. അതിനാൽ തന്നെ രാഹുൽ ഗാന്ധിയേയും മറ്റ് നേതാക്കളേയും കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ ആദ്യഘട്ടത്തിൽ പുറത്തുവന്നിരുന്നില്ല. പിന്നീട് കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെ പോലീസ് നടപടിയുടെ ഒട്ടേറെ വീഡിയോകൾ പുറത്തുവിട്ടു.

തങ്ങൾ ഇവിടെനിന്ന് മാറില്ലെന്നും വേണമെങ്കിൽ ബലം പ്രയോഗിച്ച് നീക്കാമെന്നും രാഹുൽ നേരത്തേ പറഞ്ഞിരുന്നു. അക്ഷരാർഥത്തിൽ അത് തന്നെയാണ് ആകാശവാണി ഭവന് മുന്നിൽ സംഭവിച്ചത്. പോലീസ് നടപടിയോട് തരിമ്പും സഹകരിക്കാതിരുന്ന രാഹുൽ ഗാന്ധി, പോലീസ് കസ്റ്റഡിയിൽ പോകാൻ വഴങ്ങിയില്ല. തുടർന്ന് പതിനെട്ടോളം പോലീസുകാർ ബലം പ്രയോഗിച്ച് വളരെ ബുദ്ധിമുട്ടിയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പോലീസ് വാഹനത്തിൽ കയറ്റിയെങ്കിലും പിന്നാലെ ജനലിലൂടെ അദ്ദേഹം പുറത്തിറങ്ങാൻ ശ്രമിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ പുറത്തുവന്നു.

സമാനമായി, ബലം പ്രയോഗിച്ചാണ് വനിതാ പോലീസ് പ്രിയങ്കാ ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റിയത്. കെ.സി. വേണുഗോപാലിനേയും ബലം പ്രയോഗിച്ച് ആകാശവാണി ഭവന് മുന്നിൽ നിന്ന് നീക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ദീർഘനേരം നീണ്ട നാടകീയരംഗങ്ങൾക്കൊടുവിലാണ് രാഹുൽ ഗാന്ധി പോലീസിനോട് സഹകരിച്ചത്. പോലീസ് വാഹനത്തിൽ എയർപോഡ് ചെവിയിൽ വെച്ച് ഫോൺ ഉപയോഗിക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

‘നരേന്ദ്രമോദി പരിഭ്രാന്തിയിലാണ്. തന്റെ ശിഷ്യൻ ഗ്യാനുവിന് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് മനസിലായി. അതുകൊണ്ടാണ് അദ്ദേഹം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങിയത്. എന്നാൽ ഞങ്ങൾ പേടിക്കില്ല. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം തുടരും.’ -രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യം പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് കുറിച്ചത് ഇങ്ങനെയാണ്.

‘എല്ലാം ഓർത്തുവെക്കപ്പെടും’ എന്ന് മറ്റൊരു വീഡിയോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് കുറിച്ചു. ‘ഇതാണ് മോദിക്ക് കീഴിലുള്ള ജനാധിപത്യം’ എന്നായിരുന്നു മറ്റൊരു ട്വീറ്റ്. ‘ബ്രിട്ടീഷുകാർക്കെതിരെ പോരാടി വിജയിച്ചവരാണ് ഞങ്ങൾ. വോട്ടുകള്ളന്മാർക്കെതിരെയുള്ള പോരാട്ടവും ഞങ്ങൾ ജയിക്കും’ എന്ന് മറ്റൊരു വീഡിയോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് കുറിച്ചു. ‘ഞങ്ങൾ മറക്കുമെന്ന് കരുതരുത്. കാലം മാറും. കണക്കുകൾ തീർക്കും’ എന്നും ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് ഓർമിപ്പിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!