അമരാവതി: പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചാരസംഘടനയിലെ ഉദ്യോഗസ്ഥർക്ക് ഇന്ത്യയുടെ സുപ്രധാന പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ രണ്ടുപേരെ ആന്ധ്രാപ്രദേശ് കൗണ്ടർ ഇന്റലിജൻസ് സെൽ അറസ്റ്റ് ചെയ്തു. അന്നം സായ് വരപ്രസാദ്, പ്രദീപ് മുഖർജി എന്നിവരാണു പിടിയിലായത്. 13 നാവികസേനാ ഉദ്യോഗസ്ഥരടക്കം 18 പേർ ഉൾപ്പെട്ട ചാരശൃംഖലയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ‘ഓപ്പറേഷൻ ഫയർവാൾ 2026’ എന്ന സംയുക്ത നീക്കത്തിലൂടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നാവികസേനാ ഉദ്യോഗസ്ഥരുടെ താൽക്കാലിക കരാർ ഡ്രൈവറായി ജോലി ചെയ്തിരുന്ന സായ് വരപ്രസാദിനെ വിശാഖപട്ടണത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാവികസേനയുടെയും മറ്റ് പ്രതിരോധ സ്ഥാപനങ്ങളുടെയും അതീവ രഹസ്യ വിവരങ്ങൾ പാക്ക് ചാരന്മാർക്കു നൽകുകയും ഇതിനു പകരമായി വൻ തുക കൈപ്പറ്റുകയും ചെയ്തെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. വിശാഖപട്ടണം നേവൽ ബേസിലെ ജീവനക്കാരനായ പ്രദീപ് മുഖർജിയെ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽനിന്നാണ് പിടികൂടിയത്. ഇയാൾ പാക്ക് ചാരന്മാർക്ക് വാട്സാപ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാനുള്ള ഒടിപി കൈമാറിയതായും രഹസ്യ വിവരങ്ങൾ പങ്കുവച്ചതായും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
രഹസ്യ വിവരങ്ങൾ ചോർത്തുന്നതിനായി ഇവർ എൻക്രിപ്റ്റഡ് ആശയവിനിമയ മാർഗങ്ങളാണ് ഉപയോഗിച്ചിരുന്നതെന്ന് കൗണ്ടർ ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. ഭാരതീയ ന്യായ സംഹിത, യുഎപിഎ, ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് എന്നിവ പ്രകാരം സെപ്റ്റംബർ 2 ന് വിജയവാഡയിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഒക്ടോബർ ഒന്നിനാണ് ‘ഓപ്പറേഷൻ ഫയർവാൾ 2026’ ആരംഭിച്ചത്. ആന്ധ്രാപ്രദേശ്, കേരളം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഗോവ, ഡൽഹി, തമിഴ്നാട്, ഛത്തീസ്ഗഡ്, ബിഹാർ എന്നീ പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 12 കൗണ്ടർ ഇന്റലിജൻസ് ഉദ്യോഗസ്ഥരെയാണു വിന്യസിച്ചത്അതത് സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സേന, നാവികസേനാ ഉദ്യോഗസ്ഥർ, പ്രാദേശിക പൊലീസ് എന്നിവരുടെ ഏകോപനത്തോടെയായിരുന്നു പരിശോധന. ഓപ്പറേഷനിടെ സംശയാസ്പദമായിത്തോന്നിയ പത്ത് വ്യക്തികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽനിന്ന് അന്വേഷണത്തിന്റെ ഭാഗമായി നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
