കാണാതായ രണ്ട് പൈലറ്റുമാരെ ഖത്തർ തടവിലാക്കിയെന്ന് ഇറാൻ; നിഷേധിച്ച് ഖത്തർ

News Desk
1 Min Read

ദുബായ്: യുദ്ധത്തിനിടെ, കഴിഞ്ഞ മാർച്ചിൽ കാണാതായ ഇറാൻ വ്യോമസേനയുടെ 2 പൈലറ്റുമാരെ ഖത്തർ തടവിലാക്കിയെന്ന് ഇറാൻ. ആരോപണം ഖത്തർ നിഷേധിച്ചു. യുദ്ധത്തിനിടെ ഒരു പൈലറ്റ് കൊല്ലപ്പെട്ടെന്നും 2 പേരെ കാണാതായെന്നും ഇറാൻ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഖത്തർ ഇവരെ തടവിലാക്കിയെന്ന ആരോപണം ആദ്യമായാണ് ഉന്നയിക്കുന്നത്.

യുദ്ധത്തിനിടെ ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചതിനുപിന്നാലെ കാണാതായ പൈലറ്റുമാരെ കണ്ടെത്താൻ തിരച്ചിലിനു വ്യോമസേന അനുമതി തേടിയെങ്കിലും ഖത്തർ അനുവദിച്ചില്ലെന്ന് ഇറാൻ സേനാ ജനറൽ മുഹമ്മദ് ബാഗിർസദ പറഞ്ഞു.

എന്നാൽ, ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയത് ഇറാനെ യഥാസമയം അറിയിച്ചെന്നും തിരച്ചിലിനു സഹകരിക്കാമെന്നു വ്യക്തമാക്കിയതാണെന്നും ഖത്തർ വ്യക്തമാക്കി. കുവൈത്തിൽ തടവിലുള്ള 4 ഇറാൻകാരുടെ മോചനം സംബന്ധിച്ചും തുടർനടപടിയായിട്ടില്ല.

അതിനിടെ, കപ്പൽപാത സംബന്ധിച്ച് ഒമാനും ഇറാനും തമ്മിൽ നടക്കുന്ന ചർച്ചയ്ക്കു ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ഹോർമുസിലൂടെ താൽക്കാലിക ഗതാഗത സംവിധാനം സംബന്ധിച്ച ചർച്ചയാണ് ഒമാനുമായി നടക്കുന്നതെന്നും വ്യക്തമാക്കി.

അതിനിടെ, ഇറാൻ വിരുദ്ധ യുഎസ്, ഇസ്രയേൽ മാധ്യമങ്ങളോടു സംസാരിക്കുന്നതു ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. നിയമമാകാൻ ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരം കൂടി വേണം. ശത്രുക്കളല്ലാത്ത വിദേശമാധ്യമങ്ങളോടു സംസാരിക്കുമ്പോഴും ഉദ്യോഗസ്ഥർ മുൻകൂർ അനുമതി വാങ്ങണം. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article