സഊദിക്കെതിരായ ആക്രമണം; ഹൂതികള്‍ക്കെതിരെ സംയുക്ത നീക്കം ശക്തമാക്കി ത്രിരാഷ്ട്ര കക്ഷികള്‍

News Desk
2 Min Read

റിയാദ്: യെമനില്‍ ആഭ്യന്തര യുദ്ധവും സഊദിക്കെതിരായ ആക്രമണവും രൂക്ഷമാകുന്നതിനിടെ ഹൂതികള്‍ക്കെതിരെ സംയുക്തനീക്കം ശക്തമാക്കി ത്രിരാഷ്ട്ര കക്ഷികള്‍. സൗദിയും തുര്‍ക്കിയും പാകിസ്ഥാനും സൈനിക നീക്കം ആരംഭിച്ചു. റിയാദില്‍ ചേര്‍ന്ന ത്രിരാഷ്ട്ര കക്ഷികളുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമുണ്ടായത്.

മക്ക കരാറിന്റെ അടിസ്ഥനത്തിലാണ് നടപടി. സൗദിയിലെ ജനവാസമേഖലയില്‍ ഉള്‍പ്പെടെ ഹൂതികള്‍ ആക്രമണം തുടരുകയാണ്. ആഗസ്റ്റ് 7ന് മക്കയില്‍ സൈനിക സഖ്യം നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ സൈനിക നീക്കമാണ് ഇത്. സഖ്യ കക്ഷികളായ മൂന്ന് രാജ്യങ്ങളില്‍ ഏതിനെതിരായ ആക്രമണവും മൂന്ന് രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് സഖ്യ തീരുമാനം.

ആക്രമണങ്ങള്‍ക്കും അതിന് ഉത്തരവാദികളായവര്‍ക്കുമെതിരെ സഖ്യത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് കൂട്ടായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സമിതി തീരുമാനിച്ചതായി സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞു. രാജ്യത്തിനും പുണ്യസ്ഥലങ്ങള്‍ക്കുമെതിരായ ഹീനമായ ആക്രമണങ്ങളെ സംഖ്യം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലേക്ക് സൈനിക സേനയെയും അനുബന്ധ ശേഷികളെയും വിട്ടുനല്‍കുമെന്നും അവയുടെ വേഗത്തിലുള്ള വിന്യാസം ഉറപ്പാക്കുമെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം ഇറാന്‍ അനുകൂലികളായ ഹൂതികള്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനായി യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിന്റെ സേന പ്രത്യാക്രമണം ആരംഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനങ്ങള്‍ വന്നത്.

സൗദി അറേബ്യയുടെ പിന്തുണയുള്ള യെമന്‍ സേന, ചെങ്കടല്‍ തീരത്തുള്ള മോക്ക തുറമുഖ നഗരം തിരിച്ചുപിടിച്ചതായും തന്ത്രപ്രധാനമായ ബാബ് അല്‍-മന്‍ദെബ് കടലിടുക്ക് ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അറിയിച്ചു. യെമന്‍ സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തില്‍ തങ്ങളുടെ 100 യുദ്ധവിമാനങ്ങള്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് സൗദി നേതൃത്വം സ്ഥിരീകരിച്ചു. അതേസമയം ഹൂതികള്‍ക്കെതിരെ ഡോണ് ഓഫ് യെമന്‍ എന്ന പേരില്‍ സൈനിക നീക്കം യെമന്‍ ആരംഭിച്ചിരിക്കുകയാണ്. ഹൂതികളുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ തകര്‍ത്തതായി യെമന്‍ പ്രസിഡന്റ് അവകാശപ്പെട്ടു.

എന്നാല്‍ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും തീരദേശ നഗരമായ റാബിക്കിലെ ആരാംകോ റിഫൈനറിയിലും തങ്ങള്‍ ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു. വിമാനത്താവളം, വ്യോമതാവളം, മറ്റ് സുപ്രധാന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഇടങ്ങളില്‍ ആക്രമണം നടത്തിയതായും സംഘം അറിയിച്ചു. ഹൂതികളുടെ ഈ അവകാശവാദത്തെക്കുറിച്ച് റിയാദില്‍ നിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!