തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന് പിന്നാലെ എ കെ ജി സെന്ററിലെ ഭൂമി നാളെ റവന്യു വകുപ്പ് അളന്ന് പരിശോധിക്കും. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന് അനുവദിച്ച ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് പണിതുവെന്ന പരാതിയില്‍ ആണ് നടപടി. സി പി എം സംസ്ഥാന സെക്രട്ടറിയോടും കേരള സർവകലാശാലയോടും പ്രതിനിധികളെ അയക്കാൻ തഹസില്‍ദാർ ആവശ്യപ്പെട്ടു.
1977 ല്‍ എ കെ ആന്റണി സർക്കാരാണ് എ കെ ജി പഠന ഗവേഷണകേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാല്‍ ഈ ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് പണിതുവെന്നും അനുവദിച്ചതില്‍ കൂടുതല്‍ ഭൂമി കൈയ്യേറിയെന്നടക്കമുള്ള പരാതികള്‍ ഉയർന്നതോടെ വിവാദമായി. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാർ ഹർജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ഇപ്പോള്‍ ഭൂമി അളക്കാനുള്ള നടപടിക്ക് തുടക്കമായത്.
ഭൂമി അളക്കൽ നാളെ രാവിലെ 10 മണിക്ക്
നാളെ രാവിലെ പത്ത് മണിക്ക് എ കെ ജി സെന്ററിലെ ഭൂമി അളക്കുമെന്ന നോട്ടീസ് തിരുവനന്തപുരം തഹസില്‍ദാർ, സി പി എം സംസ്ഥാന സെക്രട്ടറിക്കും സർവകലാശാല രജിസ്ട്രാർക്കും അയച്ചു. ഭൂമി അളക്കാൻ സർവകലാശാല സിൻഡിക്കേറ്റും അടുത്തിടെ തീരുമാനമെടുത്തിരുന്നു. 1992 ല്‍ ചെറിയാൻ ഫിലിപ്പിന്റെ പരാതിയില്‍ അന്നത്തെ വി സിയായ ജെ വി വിളനിലം, ഭൂമി അളക്കാനുള്ള നടപടി തുടങ്ങിയരുന്നു. എന്നാല്‍ വ്യാജ ഡിഗ്രി ആരോപണവും കടുത്ത സമരങ്ങളും ഉയർന്നതോടെ ഭൂമി അളക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.
1987 ലെ നായനാർ സർക്കാരിന്റെ കാലത്ത് ഭൂമി വിവാദം കരണുകാരനും ഉമ്മൻചാണ്ടിയും ഉള്‍പ്പെടെ നിയമസഭയില്‍ ഉയർത്തിയെങ്കിലും ഭൂമി അനുവദിച്ച ഉത്തരവ് മേശപ്പുറത്ത് വക്കാൻ സർക്കാർ തയ്യാറിയില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഭൂമി വിവാദം ഭാവിയില്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് സി പിഎം പാര്‍ട്ടി ഓഫിസിനായി പുതിയ കെട്ടിടം നിർമിച്ചതെന്ന വാദവും ഉയർന്നിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
