ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് കോട്ടയം ഈരാറ്റുപേട്ടയിൽ ഉണ്ടായത്. വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം വെള്ളം കയറി. പൂഞ്ഞാറിലും കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. കനത്ത മഴയിൽ ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.സി.ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും ഭാര്യയുടെ കടയിലുമായി ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
‘‘40 കൊല്ലമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. ഇന്നുവരെ ഇതുപോലൊരു അവസ്ഥ ഉണ്ടായിട്ടില്ല. ഇത്രയും വെള്ളം കയറുന്നത് ആദ്യമായിട്ടാണ്. ഇന്നലെ പുലർച്ചെ 2 മണിക്കാണ് തൊട്ടടുത്ത് താമസിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥൻ വീട്ടിലെത്തി വാതിലിൽ മുട്ടിയത്. അപ്പോഴാണ് വെള്ളം കയറുന്നുണ്ടെന്ന് അറിഞ്ഞത്. ഏതാണ്ട് രണ്ടരയോടെ മണിയായതോടെ വീടിനകത്തേയ്ക്കും വെള്ളം കയറി. ഏതാണ്ട് മൂന്നരയടി വെള്ളം വീടിനകത്ത് കയറി. ഞാനും ഭാര്യ ഉഷയും രണ്ടാമത്തെ മകൻ ഷെയ്നുമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്.
പെട്ടെന്ന് തന്നെ ഞങ്ങൾ വീടിന്റെ മുകളിലത്തെ നിലയിലേക്ക് മാറി. വെള്ളം കയറി വീട്ടിലെ ഉപകരണങ്ങൾ പലതും നശിച്ചു. പാത്രങ്ങൾ 2 ഫ്രിജ്, ടിവി തുടങ്ങി നശിക്കാത്തതൊന്നുമില്ല. പലതും വെള്ളം കയറി നശിച്ചു. വീട്ടിൽ മാത്രം ഏതാണ്ട് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. 2 ഇന്നോവ കാറുകളിലും വെള്ളം കയറി. അതുമാത്രമല്ല, പൂഞ്ഞാറിൽ ഭാര്യ ഉഷ ഒരു സ്ഥാപനം നടത്തുന്നുണ്ട്.
അവിടെയും വെള്ളം കയറി. സാരികളെല്ലാം നശിച്ചുപോയി. പലതും വിലകൂടിയ സാരികളാണ്. ഏതാണ്ട് 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് നിഗമനം’’– പി.സി.ജോർജ് പറഞ്ഞു. ഇതിലും വലിയ നഷ്ടങ്ങൾ സംഭവിച്ചവരുണ്ടെന്നും അതിനിടയിൽ എന്റെ പ്രശ്നം പറയുന്നതിൽ ന്യായമില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ഞാർ മേഖലയിൽ കഴിഞ്ഞ ദിവസം 213 മിമീ വരെ മഴയാണ് ലഭിച്ചത്. അർധരാത്രിയോടെയാണ് ഈരാറ്റുപേട്ട ഭാഗത്ത് വെള്ളം ഉയർന്നു തുടങ്ങിയത്. ശനിയാഴ്ച പുലർച്ചെ 3 മണിയോടെ പാലാ വരെയുള്ള റോഡിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
