ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗം: വൈജ്ഞാനിക രംഗത്ത്‌ കനത്ത നഷ്ടം: എസ് ഐ സി

News Desk 03
1 Min Read

ജിദ്ദ: ‌സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രിൻസിപ്പലുമായിരുന്ന പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തിൽ സമസ്ത ഇസ്ലാമിക് ഇസ്ലാമിക് സെന്റര്‍ സഊദി നാഷണൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അഗാധ പാണ്ഡിത്യവും സ്വതസിദ്ധമായ വിനയവും കൊണ്ട് ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ചെറുപ്പം മുതൽ തന്നെ വൈജ്ഞാനിക മേഖലയിൽ തന്റേതായൊരിടം കണ്ടെത്താനും അതു വഴി ആയിരക്കണക്കിന് ശിഷ്യന്മാർക്ക് വഴി വെളിച്ചം നൽകാനും അദ്ദേഹത്തിന് സാധിച്ചു.

പ്രവാസലോകത്തെ സംഘടന പ്രവർത്തകരുമായും വിദേശ രാജ്യങ്ങളിലെ ഇസ്ലാമിക പണ്ഡിതരുമായും സവിശേഷമായൊരു ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അസുഖ ബാധിതനാകുന്നതിനു മുമ്പ് വർഷത്തിൽ ഒരു തവണയെങ്കിലും ഇരു ഹറമുകളിലും സഊദിയുടെ വിവിധ ഭാഗങ്ങളിലും അദ്ദേഹം സന്ദർശനം നടത്താറുണ്ടായിരുന്നു. ലോക മുസ്ലിം പണ്ഡിത സഭയായ റാബിത്വയിലെ സ്ഥിരംഗമായിരുന്ന അദ്ദേഹം സംഘടനയുടെ പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും അവതരിപ്പിച്ച പ്രബന്ധങ്ങൾ ശ്രദ്ധേയമായിരുന്നു.

സഊദിയിലെ സമസ്തയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് 2018 ൽ നിലവിൽ വന്ന എസ് ഐ സി യുടെ പ്രഖ്യാപനം പരിശുദ്ധ മദീനയിൽ വെച്ച് നടത്തിയത് ഉസ്താദ് അവര്‍കളായിരുന്നുവെന്ന് നേതാക്കൾ അനുസ്മരിച്ചു. 2023 മെയ് മാസത്തിലായിരുന്നു ആലിക്കുട്ടി ഉസ്താദിന്റെ അവസാന സഊദി സന്ദർശനം എന്നും എസ് ഐ സി നേനേതാക്കളായ സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂര്‍, മുഹമ്മദ് റാഫി ഹുദവി, ഇബ്റാഹീം ഓമശ്ശേരി, സൈദ് ഹാജി മൂന്നിയൂർ, അബ്ദുറഹ്മാൻ മൗലവി അറക്കൽ, മാഹിൻ വിഴിഞ്ഞം, ഷാഫി ദാരിമി പുല്ലാര, നൗഫൽ തേഞ്ഞിപ്പലം എന്നിവർ അനുശോചന സന്ദേശത്തില്‍ അനുസ്‍മരിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article