റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ സിവിൽ അഫയേഴ്സ് വിഭാഗത്തിൻ്റെ നാല് പുതിയ ഇ-സേ വനങ്ങൾ കൂടി ആരംഭിച്ചു. റിയാദിൽ നടക്കുന്ന ലീപ് 2026 അന്താരാഷ്ട്ര സാങ്കേതിക സമ്മേളനത്തിലാണ് പുതിയ സേവനങ്ങൾ ഔദ്യോഗികമായി പുറത്തിറക്കിയത്. ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ അഫയേഴ്സ് ഏജൻസിയുടെ ആക്ടിങ് സൂപ്പർവൈസർ മേ ജർ ജനറൽ ഡോ. സാലിഹ് അൽ മുറബ്ബയാണ് പുതിയ സേവനങ്ങൾ ഉദ്ഘാടനം ചെയ്തത്.
പുതുതായി ആരംഭിച്ച നാല് സേവനങ്ങളിൽ പ്രധാനപ്പെട്ടത് ദേശീയ തിരിച്ചറിയൽ കാർഡിലെ (National ID) ഫോട്ടോ പുതുക്കാനുള്ള സൗകര്യമാണ്. ഇതോടെ ബന്ധപ്പെട്ട നടപടി ക്രമങ്ങൾ അബ്ഷർ വഴി ഇലക്ട്രോണിക് രീതിയിൽ നിർവഹിക്കാൻ കഴിയും. അതോടൊപ്പം ഇലക്ട്രോണിക് സംവിധാനത്തിൽ നേരത്തെ രജിസ്റ്റർ ചെയ്യപ്പെടാത്ത ജനന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കൽ പ്രവാസികൾക്കുള്ള മരണ സർട്ടിഫിക്കറ്റ് ഡെലിവറിക്ക് അപേക്ഷിക്കൽ, നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത സാഹചര്യത്തിൽ താമസക്കാരുടെ മരണ സർട്ടിഫിക്കറ്റിന് പകരം പുതിയ സർട്ടിഫിക്കറ്റ് ആവശ്യപ്പെടൽ തുടങ്ങിയ സേവനങ്ങളും ഇനിമുതൽ അബ്ഷിറിൽ ലഭ്യമാകും.
സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുകയും പൊതുജനങ്ങൾക്ക് ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ട സാഹചര്യം പരമാവധി കുറയ്ക്കകയും ചെയ്യുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർച്ചയായ നടപടികളുടെ ഭാഗമായാണ് അബ്ഷറിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നത്.
സഊദിയിലെ സ്വദേശികൾക്കും വിദേശികൾക്കും വിവിധ സർക്കാർ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന പ്രധാന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൊന്നാണ് അബ്ഷിർ, പുതിയ സിവിൽ അഫയേഴ്സ് സേവനങ്ങൾ കൂടി ലഭ്യമാകുന്നതോടെ ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാകും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
