അൽഫാമിന്റെ അളവ് കുറഞ്ഞു: ഹോട്ടൽ ജീവനക്കാരും ടൂറിസ്റ്റുകളും തമ്മിലടി, അറസ്റ്റ്

News Desk
1 Min Read

അടിമാലി: ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട് അടിമാലിയിൽ വിനോദ സഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ നടന്ന തർക്കം ആക്രമണത്തിൽ കലാശിച്ചു. അടിമാലി ജെന്ന റസിഡൻസി സൂപ്പർവൈസർ ഉൾപ്പെടെ 3 പേർക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് റിമാൻഡ് ചെയ്തു. 

ഹോട്ടൽ സൂപ്പർവൈസർ അടിമാലി മന്നാങ്കാല ചെറിയാനിക്കൽ നിഷാദ് (44), ജീവനക്കാരായ ചെറുതോണി കൊച്ചു തുണ്ടിയിൽ അനന്ദു (27), അതിഥിത്തൊഴിലാളി മുർഷിദുൽ ഇസ്‌ലം (25) എന്നിവർക്കാണ് പരുക്കേറ്റത്. സാരമായ പരുക്കേറ്റ നിഷാദ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ഒറ്റപ്പാലം അപ്പക്കാട്ട് അരുൺ സോമൻ (24), ലക്കിടി നെച്ചിങ്ങത്തൊട്ടി അലി അക്‌ബർ (19), പാലപ്പുറം കരിക്കലേത്ത് മുഹമ്മദ് റിസാൻ (19) എന്നിവരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. 

തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 22 അംഗ സംഘം ജന്ന റസിഡൻസിയിൽ ഭക്ഷണം കഴിക്കാനെത്തി. ടൂർ പാക്കേജ് ഏജൻസി വഴിയാണ് ഭക്ഷണവും മറ്റ് കാര്യങ്ങളും സഞ്ചാരികൾക്കായി ക്രമീകരിച്ചിരുന്നത്.

ഇവർക്കു വേണ്ടി അൽഫാം ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളാണ് മുൻകൂട്ടി ഓർഡർ ചെയ്തിരുന്നത്. എന്നാൽ ഇതിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഏജൻസിയുമായി ചർച്ച ചെയ്യുന്നതിനിടെ ഹോട്ടൽ ജീവനക്കാർ ഇടപെട്ടു. തുടർന്ന് ഭക്ഷണത്തിന്റെ ബിൽ തുക അടയ്ക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കമാണ് കയ്യാങ്കളിയിലും ആക്രമണത്തിലും കലാശിച്ചത്.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article