കിളിമാനൂര്‍: വെള്ളല്ലൂര്‍ വട്ടവിളയിലെ പണി പൂര്‍ത്തിയാകാത്ത വീട്ടിലേക്ക് ഗൃഹനാഥനെയും മകനെയും വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികള്‍ പൊലിസില്‍ കീഴടങ്ങി. മുഖ്യ പ്രതി മതിര തെറ്റിമുക്ക് കിഴക്കുംകര വീട്ടില്‍ സുധീഷ് (28), കുമ്മിള്‍ തുക്കണ്ണാപുരം അരുണ്‍ ഭവനില്‍ അരുണ്‍ (21), കുമ്മിള്‍ കൊണ്ടോടി നമ്പലച്ചിറ വീട്ടില്‍ ആരോമല്‍ (21), തൃക്കണ്ണാപുരം രാഹുല്‍ ഭവനില്‍ ലാല്‍ കൃഷ്ണ (20) എന്നിവരാണ് ചിതറ പൊലിസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ആക്രമത്തിനു ശേഷം ബൈക്കുകള്‍ ഉപേക്ഷിച്ച് ഓട്ടോ വിളിച്ച് സ്വന്തം നാട്ടില്‍ എത്തിയ പ്രതികള്‍ അവിടെ നിന്നും കുളത്തൂപ്പുഴ ക്ഷേത്ര പരിസരത്ത് എത്തി അന്ന് രാത്രി അവിടെ തങ്ങി. പിറ്റേ ദിവസം മധുര മീനാക്ഷി ക്ഷേത്രത്തിലും തുടര്‍ന്ന് പളനിയിലും എത്തി. സുധീഷും അരുണും തല മുണ്ഡനം ചെയ്ത് ക്ഷേത്ര ദര്‍ശനത്തിന് പോയങ്കിലും തിരക്കു കാരണംനടന്നില്ല.
ഇതിനിടെ നാട്ടില്‍ പൊലിസിന്‍റെ വലിയ അന്വേഷണം നടക്കുന്നതറിഞ്ഞ സുധീഷ് ഒഴിച്ചുള്ള മറ്റ് പ്രതികൾ നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. ഗത്യന്തരമില്ലാതെ സുധീഷും ഇവര്‍ക്കൊപ്പം തിരിച്ചു. തിരികെ വരുന്ന വഴിയില്‍ ഒരു ദിവസം നെന്മലയിൽ തങ്ങി. തിങ്കള്‍ പുലര്‍ച്ചയോടെ പ്രതികളുടെ നാട്ടിലെ അടഞ്ഞു കിടക്കുന്ന തെച്ചിമുക്ക് ക്വാറിയില്‍ എത്തി അവിടെ താമസിച്ചു. തിങ്കള്‍ വൈകിട്ടോടെ ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങുന്നതിനിടെ കുമ്മിള്‍ നാട്ടുകാരില്‍ ചിലര്‍ മുഖ്യ പ്രതി സുധീഷിനെ തിരിച്ചറിയുകയും തടഞ്ഞു വെയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ പൊലിസില്‍ വിവരം അറിയിച്ചു.
ഇതോടെ പോലീസ് ആറ്റിങ്ങല്‍ സബ് ഡിവിഷനിലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലേക്കും സന്ദേശം നല്കുകയും പോലീസ് പരിശോധന ശകതമാക്കുകയും ചെയ്തു. പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സുധീഷ് ഒഴിച്ചുള്ള പ്രതികള്‍ ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയും സുധിഷ് ഉച്ചയോടെയും ചിതറ പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി. തുടര്‍ന്ന് ചിതറ പോലീസ് സ്‌റ്റേഷനില്‍ നിന്നും കിളിമാനൂര്‍ പ്രോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.
അനില്‍കുമാറിന്റെ മകളെ മുഖ്യ പ്രതി സുധീഷിന് വിവാഹം ചെയ്ത് നല്‍കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും അനില്‍ കുമാറിനെയും ഭാര്യയെയും വിളിച്ചു വരുത്തി താന്‍ നല്ലവനാണന്ന് വരുത്തി തീര്‍ക്കാനും, വിശ്വസിക്കാത്ത പക്ഷം ഭീഷണിപ്പെടുത്തി മകളെ വിവാഹം കഴിപ്പിക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പറഞ്ഞതായും പോലീസ് അറിയിച്ചു.
ഞായറാഴ്ച പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പൊലിസ് പുറപ്പെടുവിച്ചിരുന്നു. വടശേരിക്കോണം ആര്യ ഭവനില്‍ അനില്‍കുമാര്‍ (51), മകന്‍ അച്ചു (21) എന്നിവര്‍ക്കാണ് പ്രതികളില്‍ നിന്നും ക്രൂര മര്‍ദനം ഏറ്റത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി സന്തോഷ് കുമാര്‍, കിളിമാനൂര്‍ സി.ഐ. നാസര്‍, എസ്.ഐ, ഓസ്റ്റിന്‍.ഡി.ഡെന്നിസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഈ കേസില്‍ അന്വേഷണം നടത്തിക്കൊണ്ടിരുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
