ഇന്ത്യയിൽ നിന്ന് വൻതോതിൽ പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യ; ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ പരിഹാരം തേടി ഇന്ത്യയിൽ നിന്നും കയറ്റുമതി

malayalampress
2 Min Read
  • ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉൽപ്പാദകരിലൊന്നായ റഷ്യയ്ക്ക്, ആക്രമണങ്ങൾ കാരണം സ്വന്തം ആവശ്യത്തിനുള്ള പെട്രോളിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ തിരിച്ചടിയാണ്

ഇന്റർനാഷണൽ ഡെസ്ക്: ഉക്രെയ്ൻ ആക്രമണത്തിൽ വ്യാപകമായി റിഫൈനറികൾ തകർന്നതോടെ കടുത്ത ഇന്ധനക്ഷാമം നേരിടുകയാണ് റഷ്യ. പരിഹാരമെന്നോണം ഇന്ത്യയിൽ നിന്ന് വൻതോതിൽ പെട്രോൾ ഇറക്കുമതി ചെയ്യുകയാണ് റഷ്യ. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഉപയോഗിച്ച് ഇന്ത്യയിൽ സംസ്കരിച്ച പെട്രോളാണ് റഷ്യ തിരികെ വാങ്ങുന്നത്. ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ രാജ്യത്തെ റിഫൈനറികൾ തകർന്നതോടെ കടുത്ത ഇന്ധനക്ഷാമം നേരിടുന്ന റഷ്യ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വൻതോതിലാണ് പെട്രോൾ (ഗ്യാസോലിൻ) ഇറക്കുമതി ചെയ്യുന്നത്. ഓഗസ്റ്റ് മാസത്തിൽ മാത്രം കടൽമാർഗ്ഗമുള്ള റഷ്യയുടെ പെട്രോൾ ഇറക്കുമതി പ്രതിദിനം 1.25 ലക്ഷം ബാരൽ (മാസത്തിൽ ഏകദേശം 4.70 ലക്ഷം ടൺ) എന്ന റെക്കോർഡ് തലത്തിലെത്തിയതായി ഊർജ്ജ നിരീക്ഷണ സ്ഥാപനമായ ‘വോർടെക്സ’ (Vortexa) വെളിപ്പെടുത്തി.

ഇന്ത്യയുടെ പങ്ക് നിർണായകം

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യൻ റിഫൈനറികൾ 10 ലക്ഷം ബാരൽ പെട്രോളാണ് റഷ്യയിലേക്ക് കയറ്റി അയച്ചത്. ‘നയാര എനർജി’യുടെ (Nayara Energy) റിഫൈനറിയിൽ നിന്നാണ് ഇന്ധനം പ്രധാനമായും നൽകിയത്. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഉപയോഗിച്ച് ഇന്ത്യയിൽ സംസ്കരിച്ച പെട്രോളാണ് റഷ്യ തിരികെ വാങ്ങുന്നത് എന്നതാണ് ഇതിലെ പ്രത്യേകത.

റഷ്യ നേരിടുന്ന പ്രതിസന്ധി

ഉക്രെയ്ന്റെ നിരന്തരമായ ആക്രമണങ്ങളിൽ റഷ്യയിലെ ആഭ്യന്തര ഇന്ധന ഉൽപ്പാദനത്തിൽ 70 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി റഷ്യൻ റിഫൈനറികൾക്ക് നേരെ 32 തവണയാണ് ആക്രമണങ്ങൾ നടന്നത്. ഇന്ത്യയെക്കൂടാതെ തുർക്കി, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നും റഷ്യ പെട്രോൾ സമാഹരിക്കുന്നുണ്ട്. ആഭ്യന്തര ക്ഷാമം മറികടക്കാൻ റഷ്യ പെട്രോൾ കയറ്റുമതി നിരോധനം 2027 ജനുവരി അവസാനം വരെയും, ഡീസൽ കയറ്റുമതി നിരോധനം 2026 സെപ്റ്റംബർ 1 വരെയും നീട്ടിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉൽപ്പാദകരിലൊന്നായ റഷ്യയ്ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ തിരിച്ചടിയാണ്

റഷ്യ ഇറക്കുമതി ചെയ്ത പെട്രോളിന്റെ 55 ശതമാനവും (2.60 ലക്ഷം ടൺ) ഉപരോധം ഏർപ്പെടുത്തിയ കപ്പലുകളിലാണ് എത്തിച്ചതെന്നാണ് വോ‍‍‌ർട്ടെക്സയുടെ റിപ്പോ‌‍ർട്ട്. ഇന്ത്യയിൽ നിന്നുള്ള ഇന്ധനം ‘ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം’ (AIS) ഓഫാക്കി മെഡിറ്ററേനിയൻ കടലിൽ വെച്ച് രഹസ്യമായി കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് മാറ്റി (Dark STS transfers) നൽകുകയാണ് ചെയ്തതെന്നും റിപ്പോ‌‌ർട്ട്. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉൽപ്പാദകരിലൊന്നായ റഷ്യയ്ക്ക്, ആക്രമണങ്ങൾ കാരണം സ്വന്തം ആവശ്യത്തിനുള്ള പെട്രോളിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ തിരിച്ചടിയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!