തൃശൂർ: കയ്പ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ച് എട്ട് വിദ്യാർത്ഥികൾ മരിച്ചതിന്റെ നടുക്കത്തിലാണ് നാട്ടുകാർ. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് മരിച്ചത്.
എന്നാൽ ഇവർ ട്രിപ്പ് പോയത് തങ്ങളെ അറിയിക്കാതെയാണെന്ന് കോളേജ് അധികൃതർ പറയുന്നു. പുലർച്ചെ കേരള പൊലീസ് വിളിച്ചപ്പോഴാണ് അപകടവിവരം അറിഞ്ഞത്. അവധിക്കാലമായതിനാൽ വിദ്യാർത്ഥികൾ ട്രിപ്പ് പ്ളാൻ ചെയ്ത് പോയതാകാമെന്നും അധികൃതർ വ്യക്തമാക്കി.
പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന (20), ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മറ്റ് മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. സന്തോഷ് കോളേജ് ഹോസ്റ്റലിലാണ് നിൽക്കുന്നത്. വീട്ടിൽ പോയതിനുശേഷമാണ് ട്രിപ്പ് പോയതെന്ന് കോളേജ് അധികൃതർ അറിയിച്ചു.
അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. കോളേജ് അധികൃതരും പോകുന്നുണ്ട്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.അതേസമയം, അപകടകാരണം ദേശീയപാത അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം. മതിയായ സൂചനാ ബോർഡുകൾ ഇല്ലാതിരുന്നതും ലോറി ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ പാർക്ക് ചെയ്തതും അപകടകാരണമായി. ഇതിന് 100 മീറ്റർ മാത്രം അകലെയുള്ള സ്ഥലത്താണ് നേരത്തെ നടൻ കൊല്ലം സുധി മരണപ്പെട്ട അപകടം നടന്നത്.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
