റിയാദ്: രാജ്യത്തെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ലെവി ആനുകൂല്യം അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കി സഊദി തൊഴിൽ സാമൂഹിക മന്ത്രാലയം. ലെവി ആനുകൂല്യം 2027 ജനുവരിയില്‍ അവസാനിക്കാനിരിക്കെയാണ് പ്രവാസികൾക്ക് ആശ്വാസമാകുന്ന തരത്തിൽ ലെവി നീട്ടിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ, ഇതെക്കുറിച്ചു ഇതുവരെ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് തൊഴില്‍ മാനവശേഷി മന്ത്രാലയം വ്യക്തമാക്കി.
ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന അറിയിപ്പുകളെ അവലംബിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രാലയം നിലവില്‍ ഇതുവരെ പുതിയ പ്രഖ്യാപനങ്ങളില്ലെന്നും വ്യക്തമാക്കി.
ഒമ്പത് വരെ ജീവനക്കാരുള്ള ഉടമയായി സഊദി പൗരന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍(മുഅസ്സസ)ക്ക് ഇഖാമ പുതുക്കുന്നതിന് അനുവദിക്കപ്പെട്ട ലെവി ആനുകൂല്യം 2027 ജനുവരി 21നാണ് അവസാനിക്കുന്നത്. അതിന് ശേഷമുള്ള കാലയളവില്‍ ഓരോ വിദേശി ജീവനക്കാരുടെയും ഇഖാമ പുതുക്കുന്നതിന് പരമാവധി ലെവി നല്‍കേണ്ടിവരും. ആനുകൂല്യം ദീര്‍ഘിപ്പിക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ച മിക്കവരും മൂന്നുമാസത്തേക്കാണ് ഇപ്പോള്‍ ഇഖാമ പുതുക്കുന്നത്.
ഇത്തരം ചെറുകിട സ്ഥാപനങ്ങളിലെ രണ്ട് ജീവനക്കാരുടെ ഇഖാമ പുതുക്കുന്നതിനാണ് വാര്‍ഷിക ലെവിയായ 9700 റിയാല്‍ ഒഴിവാക്കി നല്‍കിയിരുന്നത്. ഇഖാമ പുതുക്കുന്നതിന് 100 റിയാല്‍ ലേബര്‍ ഓഫീസ് ചാര്‍ജും ജവാസാത്ത് ഫീ ആയ 650 റിയാലും അടച്ചാല്‍ മതിയായിരുന്നു. വര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. ഉടമക്ക് പുറമെ മറ്റൊരു സഊദിപൗരനെ കൂടി സ്ഥാപനത്തില്‍ നിയമിച്ചാല്‍ മറ്റു രണ്ട് വിദേശികള്‍ക്ക് കൂടി ലെവി ആനുകൂല്യം ലഭിക്കുന്നുണ്ട്. നാലിലധികം പേര്‍ക്ക് ഒരു വര്‍ഷം ആനുകൂല്യം ലഭിക്കില്ല. ആനുകൂല്യം ദീര്‍ഘിപ്പിക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ച മിക്കവരും മൂന്നുമാസത്തേക്കാണ് ഇപ്പോള്‍ ഇഖാമ പുതുക്കുന്നത്.
2020 ലാണ് ചെറുകിട സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സഊദി സര്‍ക്കാര്‍ ഈ വ്യവസ്ഥ നടപ്പാക്കിയത്. മലയാളികളടക്കം നിരവധി പേര്‍ ഇത്തരം സ്ഥാപനങ്ങളിലെ സ്‌പോണ്‍സര്‍ഷിപ്പിൽ ജോലി ചെയ്ത് വരുന്നുണ്ട്. ആദ്യ ഘട്ടത്തിൽ മൂന്നുവര്‍ഷത്തേക്കായിരുന്നു ഈ ആനുകൂല്യം ഉണ്ടായിരുന്നത്. 2023 ല്‍ കാലയളവ് അവസാനിക്കാനിരിക്കെയാണ് വീണ്ടും മൂന്നുവർത്തേക്ക് ദീര്‍ഘിപ്പിക്കുന്നതായി പ്രഖ്യാപനം വന്നത്. ഇതാണ് ഇപ്പോൾ വീണ്ടും നീട്ടുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
