തിരുവനന്തപുരം: അമ്പൂരിയിൽ മൂന്നു വയസ്സുകാരി ഋതുവേദ വാഹനം കയറി മരിച്ച സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യങ്കോട് സ്വദേശി നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടക്കുന്നതിനിടെയാണ് ആത്മഹത്യ ശ്രമം. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
ഇന്നലെ വൈകിട്ടാണ് വിനോദയാത്രയ്ക്കായി പോയ സംഘത്തിലെ മൂന്നു വയസ്സുകാരിയുടെ മുകളിലേക്ക് വാഹനം കയറി ഇറങ്ങിയത്. ടെംപോ ട്രാവലർ പാർക്ക് ചെയ്ത ശേഷം പാട്ടുവച്ച് ഡാൻസ് കളിക്കുന്നതിനിടെയാണ് ബ്രേക്ക് പോയ വാഹനം മൂന്നു വയസ്സുകാരി ഋതുവേദയുടെ മുകളിലൂടെ കയറി ഇറങ്ങിയത്. ഹാൻഡ് ബ്രേക്കിന്റെ കേബിൾ പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
മാതാപിതാക്കളുടെ കൺമുന്നിലാണ് മരണത്തിന്റെ രൂപത്തിൽ വാഹനം കുഞ്ഞു ഋതുവേദയുടെ ജീവനെടുത്തത്. ചോരയിൽ കുളിച്ചു കിടന്ന കുഞ്ഞിനെക്കണ്ട് ബോധം നഷ്ടമായ അമ്മ നിഷ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഋതുവേദയുടെ പിതാവായ അനുപ്രസാദ് ഡ്രൈവറായ വാനിൽ എത്തിയ വിനോദസഞ്ചാര സംഘം, വാഹനത്തിൽ പാട്ടുവച്ച് പാലത്തിൽ നൃത്തംവയ്ക്കുന്നതിനിടെയാണ് സംഭവം നടക്കുന്നത്. ഒരു ഇറക്കത്തിലായിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്.
വാഹനം പെട്ടെന്ന് ഉരുണ്ടെത്തിയപ്പോൾ മറ്റുള്ളവർ ഓടിമാറിയെങ്കിലും ഋതുവേദയുടെ മുകളിലൂടെ മുൻചക്രം കയറിയിറങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ കുട്ടിയെ വലിച്ച് പുറത്തെടുക്കുമ്പോൾ തലയ്ക്കു ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു. രക്തത്തിൽ കുളിച്ച കുട്ടിയെ പൂച്ചമുക്കിലെ ക്ലിനിക്കിൽ ആദ്യം എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം ലഭിച്ചു. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
