ഖത്തറിലെ ദുരന്തം: വിവാഹം കഴിഞ്ഞ് ഒരു വർഷം; അർജുന് കണ്ണീരോടെ വിട

News Desk
1 Min Read

കോഴിക്കോട്: കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അർജുന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരണപ്പെട്ട അർജുന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ വൻ ജനവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു.

വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപെത്തിയ ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് നാദാപുരത്തെ ഒരു നാട് മുഴുവൻ. വിവാഹത്തിനായി നാട്ടിലെത്തിയ അർജുൻ ആറ് മാസം മുൻപാണ് തിരികെ ഖത്തറിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇന്ത്യക്കാരുൾപ്പെടെ 13 പേരാണ് മരണപ്പെട്ടത്. അപകടം നടന്ന പ്ലാന്റിലെ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു അർജുൻ.

അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരുടെ നില നിലവിൽ തൃപ്തികരമാണെന്നും അവർക്ക് ആവശ്യമായ മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ ഇറാന്റെ ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന റാസ് ലഫാൻ എൽഎൻജി കോംപ്ലക്സിന്റെ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായതെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ കാബി പറഞ്ഞു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഖത്തർ ഊർജ്ജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം അർജുൻറെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി ഡി സതീശന് കത്ത് നൽകിയിരുന്നു. ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article