മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ഒരാൾ പിടിയിൽ

News Desk
1 Min Read

കോഴിക്കോട്: കുറ്റ്യാടിക്ക് അടുത്ത് നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. ഇന്നലെ രാത്രി 10 മണിയോടെ മൊട്ടന്തറയിൽ വച്ചായിരുന്നു ഞെട്ടിക്കുന്ന സംഭവം. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ബൈക്കുകളിലെത്തിയ പത്തിലേറെ പേരടങ്ങുന്ന സംഘമാണ് വാക്കത്തി ഉപയോഗിച്ച് യുവാക്കളെ അക്രമിച്ചത്.

സാരമായി പരുക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്വിൻ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാക്കളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

അക്രമികളിലൊരാൾ പൊലീസ് പിടിയിലായിട്ടുണ്ട്. നിട്ടൂർ സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. നാട്ടുകാർ ഇടപെട്ട് അക്രമി സംഘത്തിലെ ഒരാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടനെ കുറ്റ്യാടി പൊലീസ് സ്ഥലത്തേക്ക് കുതിച്ചെത്തുകയും ചെയ്തു.

മൊട്ടന്തറ സ്വദേശികളെ ആക്രമിച്ച മറ്റുള്ള അക്രമികളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അഅന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഒരു യുവതിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട വിഷയത്തിൽ അക്രമി സംഘവും യുവാക്കളും തമ്മിൽ നേരത്തെ തർക്കങ്ങൾ ഉണ്ടായിരുന്നു. ഈ തർക്കമാണ് പിന്നീട് സംഘർഷത്തിലും യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുന്നതിലേക്കും വരെയെത്തിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article