അടിയോടടി…..മേയറെ തടഞ്ഞു; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൂട്ടയടി; പരുക്ക്

News Desk
1 Min Read

സത്യപ്രതിജ്ഞ വിവാദത്തിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൂട്ടയടി. മേയറെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. രാവിലെ മുതല്‍ ഓഫിസില്‍ എല്‍ഡിഎഫ് ഉപരോധം നടക്കുകയാണ്. ഇവിടേയ്ക്ക് കൗണ്‍സിലര്‍മാര്‍ക്കൊപ്പം മേയറെത്തിയപ്പോഴായിരുന്നു തടഞ്ഞത്. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിരോധവുമായി രംഗത്തെത്തി. ഉന്തിലും തള്ളിലും സിപിഎം വനിതാ കൗണ്‍സിലര്‍ക്ക് പരുക്കേറ്റു. വനിതാ പൊലീസ് അനിലയ്ക്കും പരുക്കേറ്റു. 

മേയറാണ് ആദ്യം ആക്രമിച്ചതെന്ന് എസ്.പി.ദീപക് പറഞ്ഞു.
കോർപറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തില്‍ മേയറുടെയും ഡപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് പ്രതിഷേധം ശക്തമാക്കിയത്.

കാപ്പ കേസില്‍ അറസ്റ്റിലായ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സമരം നടത്തുന്നതിനിടെയാണ് ഇന്നലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്. ബിജെപി കൗണ്‍സിലര്‍മാര്‍ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെ മേയര്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് അസാധുവായി എന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. മേയറും ഡപ്യൂട്ടി മേയറും രാജിവച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അതേസമയം, സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി ഇന്നലെ അംഗീകാരം നല്‍കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സുഗതന്‍ ഹൈക്കോടതിയെ സമീപിക്കും. കാപ്പ ഇളവ് തേടി കാപ്പാ ബോര്‍ഡിനെയും സമീപിക്കാനാണ് സുഗതന്റെ തീരുമാനം. ബിജെപി കൗണ്‍സിലര്‍മാരുടെ പുനര്‍സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന പരാതിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും.

തിരുവനന്തപുരം കോര്‍പറേഷനില്‍ ഡിസംബര്‍ 21ന് നടന്ന 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്നു ചൂണ്ടിക്കാട്ടി കോര്‍പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.പി.ദീപക് നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ് പ്രഖ്യാപിച്ചത്. കേസില്‍ ഉള്‍പ്പെട്ട കൗണ്‍സിലര്‍മാരെ മാത്രം വിളിച്ചു നടത്തിയ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്ന് പ്രതിപക്ഷമായ യുഡിഎഫും എല്‍ഡിഎഫും ആരോപിച്ചു.

ആദ്യ സത്യപ്രതിജ്ഞ അസാധുവായതിനാല്‍ അതിനു ശേഷം ഈ 20 കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെട്ട തീരുമാനങ്ങളും മേയര്‍, ഡപ്യൂട്ടി മേയര്‍, സ്ഥിരം സമിതി തിരഞ്ഞെടുപ്പുകളും അസാധുവാകുമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്നും ഹര്‍ജി ഫയല്‍ ചെയ്ത എസ്.പി.ദീപക് വ്യക്തമാക്കി.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article