കഫ് സിറപ്പ് വിൽപ്പനക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം. ഇതോടെ ഏവർ ദ കൗണ്ടർ ഇനി കഫ് സിറപ്പുകൾ ലഭിക്കില്ല. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ ഇനി മെഡിക്കൽ ഷോപ്പുകളിൽ നിന്നും കഫ് സിറപ്പുകൾ ലഭിക്കുകയുള്ളൂ.
കഫ് സിറപ്പുകളുടെ ആരോഗ്യകരമല്ലാത്ത അമിത ഉപയോഗം തടയുന്നത് ലക്ഷ്യമിട്ടാണ് പുതിയ നടപടി. വിവിധ സംസ്ഥാനങ്ങളിൽ ഗുണനിലവാരമില്ലാത്ത കഫ് സിറപ്പുകൾ ഉപയോഗിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഫ് സിറപ്പ് വിൽപ്പനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്. ഇതനുസരിച്ച് നിലവിലെ നിയമത്തിലെ ഷെഡ്യൂൾ കെ പ്രകാരം ചില പ്രത്യേക നിയന്ത്രണങ്ങളിൽ നിന്നും ഇളവ് നൽകിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽ നിന്നും സിറപ്പുകൾ എന്ന വാക്ക് ഒഴിവാക്കുകയും ചെയ്തു. ഒദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.
ഇത് സംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബറിലാണ് മന്ത്രാലയം ആദ്യമായി പുറത്തിറക്കിയത്. നിശ്ചിത സമയ പരിധിക്കുള്ളിൽ പൊതുജനങ്ങളിൽ നിന്നോ മറ്റ് കക്ഷികളിൽ നിന്നോ ഉത്തരവിനെതിരെ യാതൊരു എതിർപ്പുകളും ഉയർന്നു വരാത്ത സാഹചര്യത്തിലാണ് വിജ്ഞാപനം കേന്ദ്രം ഔദ്യോഗികമായി ഗസറ്റിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
