7-1: ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രാജ്യമായി ജർമനി

News Desk
1 Min Read

വാഷിങ്ടൺ: ലോകകപ്പിൽ റെക്കോഡ് കുറിച്ച് ജർമനി. ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീമായി ജർമനി മാറി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ കുറാസോയെ തകർത്തതോടെയാണ് മുൻ ചാമ്പ്യന്മാർ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒന്നിനെതിരേ ഏഴുഗോളുകൾക്കാണ് ജർമനിയുടെ ജയം.

ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കുറാസോ തുടക്കത്തിൽ മികവ് കാട്ടിയെങ്കിലും പിന്നീട് മുൻ ചാമ്പ്യന്മാർ ഫോമിലേക്കുയർന്നു. അതോടെ ഒന്നിന് പിറകേ ഒന്നായി ഗോൾ വന്നു. ജർമനിയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനാവാതെ കുറാസോ താരങ്ങൾ കുഴങ്ങി. 7-1 ന് വിജയിച്ച് ജർമനി ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി.

ജയത്തോടെ ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീമായും ജർമനി മാറി. ബ്രസീലിനെ മറികടന്നാണ് ജർമനിയുടെ നേട്ടം. ലോകകപ്പിൽ ജർമനിയുടെ ആകെ ഗോൾ നേട്ടം 239 ആയി മാറി. ബ്രസീൽ 238 ഗോളുകളാണ് ഇതുവരെ നേടിയത്. 152 ഗോളുകളുമായി അർജന്റീന മൂന്നാമതും 136 ഗോളുകളുമായി ഫ്രാൻസ് നാലാമതുമാണ്. 128 ഗോളുകൾ നേടിയ ഇറ്റലിയാണ് പട്ടികയിൽ അഞ്ചാമത്.

കുറാസോയ്‌ക്കെതിരായ പ്രകടനത്തോടെ ലോകകപ്പിൽ കൂടുതൽ തവണ ഏഴോ അതിലധികമോ ഗോൾ നേടുന്ന ടീമായും ജർമനി മാറി. നാല് തവണയാണ് ജർമനി 7+ ഗോളുകൾ നേടിയിട്ടുള്ളത്. 2014 ലോകകപ്പ് സെമിയിൽ ബ്രസീലിനെ 7-1 ന് ജർമനി തകർത്തിരുന്നു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article