അബുദാബി: ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സിൽ യുഎഇയിലേക്ക് വരുന്ന രാജ്യാന്തര യാത്രക്കാർക്ക് സൗജന്യ മെഡിക്കൽ ട്രാവൽ ഇൻഷുറൻസ് പ്രഖ്യാപിച്ചു.
യാത്രക്കാർക്ക് പ്രത്യേകം അപേക്ഷകൾ നൽകാതെ തന്നെ ടിക്കറ്റിനൊപ്പം 15 ദിവസത്തെ ഇൻഷുറൻസ് പരിരക്ഷ യാന്ത്രികമായി (ഓട്ടോമാറ്റിക്) ലഭിക്കുന്നതാണ് പുതിയ പദ്ധതി. അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പും (ഡിസിടി) പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ദമാനും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇത്തിഹാദ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് 2026 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഈ ആനുകൂല്യം ലഭ്യമാകുക. യുഎഇക്ക് പുറത്തുനിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിലെത്തുന്ന എല്ലാ രാജ്യാന്തര സന്ദർശകർക്കും ഇതിന് അർഹതയുണ്ടായിരിക്കും.
ഇത്തിഹാദിന്റെ സൗജന്യ സ്റ്റോപ് ഓവർ പ്രോഗ്രാം ഉപയോഗിച്ച് അബുദാബിയിൽ സമയം ചെലവഴിക്കുന്ന യാത്രക്കാർക്കും അവരുടെ താമസകാലയളവിലേക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. യാത്രക്കാരുടെ യാത്രാനടപടികൾ കൂടുതൽ ലളിതമാക്കുന്നതിനും അബുദാബിയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനുമാണ് ഈ പുതിയ സുരക്ഷാ മുൻകരുതൽ ഏർപ്പെടുത്തിയിരിക്കുന്നത്.
യാത്രക്കാർക്ക് അബുദാബിയിൽ മികച്ചതും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കാൻ ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് ഇത്തിഹാദ് എയർവേയ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അന്റോണോൾഡോ നെവെസ് പറഞ്ഞു.
ആഗോളതലത്തിൽ അബുദാബിയോടുള്ള താൽപര്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ സന്ദർശകർക്ക് കൂടുതൽ മൂല്യം നൽകുന്നതാണ് ഈ ഇൻഷുറൻസ് പദ്ധതിയെന്ന് അബുദാബി ടൂറിസം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗെസിരി വ്യക്തമാക്കി. വിശ്വസനീയമായ മെഡിക്കൽ ഇൻഷുറൻസ് യാത്രാ പരിപാടിയുടെ ഭാഗമാകുന്നതിലൂടെ യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ ശൃംഖലയുടെ സേവനം സന്ദർശകർക്ക് ലഭ്യമാക്കാൻ സാധിക്കുമെന്ന് ദമാൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഖാലിദ് അതീഖ് അൽദാഹേരിയും പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
