തെല്‍ അവീവ്: ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെതുടര്‍ന്ന് ഇസ്രായേലിൽ അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. ഇസ്രായേൽ സൈന്യത്തിന്റെ ഹോം ഫ്രണ്ട് കമാൻഡ് രാജ്യമൊട്ടാകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എല്ലാത്തരം വിദ്യാഭ്യാസ പ്രവർത്തനങ്ങളും താൽക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന ആശുപത്രികളിലെ പ്രവർത്തനങ്ങൾ സുരക്ഷിതമായ ഭൂഗർഭ സമുച്ചയങ്ങളിലേക്ക് അടിയന്തരമായി മാറ്റാൻ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിലെ ആശുപത്രികൾക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ള, വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്ന അവസ്ഥയിലുള്ള രോഗികളെ എത്രയും വേഗം ഡിസ്ചാർജ് ചെയ്യാനും ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തുറസ്സായ സ്ഥലങ്ങളിൽ 200 പേരിൽ കൂടുതലോ, ഹാളുകൾക്കുള്ളിൽ 500 പേരിൽ കൂടുതലോ ഒത്തുചേരുന്നതിനും വിലക്കുണ്ട്. പൊതുജനങ്ങൾ തങ്ങളുടെ വീടുകളിലെ സുരക്ഷിത മുറികളും അഭയകേന്ദ്രങ്ങളും സജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്നും, സൈന്യത്തിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഹോം ഫ്രണ്ട് കമാൻഡ് വക്താവ് അറിയിച്ചു.
അതിനിടെ, സ്ഥിതിഗതികൾ വിലയിരുത്തി ബെൻ ഗുരിയൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തുന്ന കാര്യവും അധികൃതരുടെ പരിഗണനയിലാണ്. ഇറാന്റെ ഭാഗത്തുനിന്ന് ഇനിയും വലിയ രീതിയിലുള്ള മിസൈൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നാണ് ഇസ്രായേൽ പ്രതിരോധ സേനയുടെ വിലയിരുത്തൽ. ലെബനാനിലെ ഇസ്രായേൽ കടന്നുകയറ്റത്തിന് മറുപടിയായി കഴിഞ്ഞ ദിവസം രാത്രിയാണ് ഇറാൻ, ഇസ്രായേലില്‍ മിസൈലാക്രമണം നടത്തിയത്.
ഇതിന് മറുപടിയെന്നോണം പശ്ചിമ, മധ്യ ഇറാനില്‍ ഇസ്രായേൽ സൈന്യം ശക്തമായ ആക്രമണം നടത്തി. ഇറാന്റെ തലസ്ഥാനമായ തെഹ്റാന്, തബ്രിസ്, ഇസ്ഫഹാൻ എന്നീ പ്രമുഖ നഗരങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇറാനെതിരായ ആക്രമണത്തിൽ നാവിക സേനയും പങ്കെടുത്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
