വിമാനത്താവളത്തില്‍ ഇനി റീല്‍സും വ്‌ളോഗ്‌സും ഇനി നടക്കില്ല: വിലക്കുമായി ഡിജിസിഎ

malayalampress
1 Min Read

വിമാനത്താവളങ്ങളില്‍ വെച്ച് റീല്‍സുകളും വ്‌ലോഗുകളും മറ്റ് സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളും ചിത്രീകരിക്കുന്നവര്‍ക്ക് ഇനി പണി കിട്ടും. വിമാനത്താവളങ്ങളിലെ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) കര്‍ശന വിലക്കേര്‍പ്പെടുത്തി. നാഗ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും ഈ പുതിയ മാര്‍ഗനിര്‍ദ്ദേശം ബാധകമാണ്. വിമാനത്താവളങ്ങളിലെ അതീവ സുരക്ഷാ വിവരങ്ങള്‍ അബദ്ധത്തില്‍ പോലും ക്യാമറകളില്‍ പതിയാതിരിക്കാനും അവ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് തടയാനുമാണ് ഈ നീക്കം.

പുതിയ നിയമപ്രകാരം സുരക്ഷാ പരിശോധനാ കേന്ദ്രങ്ങള്‍, ബോര്‍ഡിങ് ഗേറ്റുകള്‍, റണ്‍വേ ബസുകള്‍, ഏപ്രണ്‍, എയര്‍ക്രാഫ്റ്റ് ഹാന്‍ഡ്‌ലിങ് സോണുകള്‍, മറ്റ് നിയന്ത്രിത പ്രവര്‍ത്തന മേഖലകള്‍ എന്നിവിടങ്ങളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വീഡിയോയോ ഫോട്ടോയോ എടുക്കാന്‍ പാടുള്ളതല്ല. യാത്രയ്ക്കിടയില്‍ സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ നിര്‍മ്മിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. പലപ്പോഴും യാത്രക്കാര്‍ അറിവില്ലായ്മ കൊണ്ട് പങ്കുവെക്കുന്ന വീഡിയോകളില്‍ വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ദൃശ്യമാകുന്നത് സുരക്ഷയെ ബാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

നിയമം ലംഘിക്കുന്നവരില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കാനും മൊബൈല്‍ ഫോണുകളും ക്യാമറകളും കണ്ടുകെട്ടാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ടാകും. ഗുരുതരമായ നിയമലംഘനമാണെങ്കില്‍ യാത്രക്കാരുടെ പേര് ഡി.ജി.സി.എയുടെ നോഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യും. ഇതോടെ കുറ്റത്തിന്റെ തീവ്രത അനുസരിച്ച് താത്കാലികമായോ സ്ഥിരമായോ വിമാനയാത്രാ വിലക്ക് വരെ നേരിടേണ്ടി വന്നേക്കാം. ചെറിയ നിയമലംഘനമാണെങ്കില്‍ എടുത്ത ദൃശ്യങ്ങള്‍ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യിക്കുമെങ്കിലും ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.

അതേസമയം പരസ്യങ്ങള്‍, സിനിമകള്‍, ഡോക്യുമെന്ററികള്‍ അല്ലെങ്കില്‍ മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ ഉള്ളടക്കം ചിത്രീകരിക്കുന്ന വ്യക്തികളും സംഘടനകളും എയര്‍പോര്‍ട്ട് മാനേജ്‌മെന്റില്‍ നിന്നും ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികളില്‍ നിന്നും ഔദ്യോഗികമായി മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. മതിയായ രേഖകളില്ലാതെ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അധികൃതര്‍, യാത്രക്കാര്‍ വിമാനത്താവളങ്ങളിലെ പൊതുയിടങ്ങളില്‍ വെച്ച് ഫോട്ടോ എടുക്കുമ്പോഴും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കണമെന്ന് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article