തിരുവനന്തപുരം: വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ് ഐ ടി.) നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മുൻപ് അന്വേഷണം അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസിൽ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി മനോഹരനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഈ കേസ്. വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിക്കാത്തത് കനത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പുതിയ സംഘത്തെ നിയോഗിച്ച് കേസ് തെളിയിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ അടിയന്തര നീക്കം.
നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായിയുടെ ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനത്തിൽ’ പുനരന്വേഷണം നടക്കുന്നതിനിടയിലാണ് വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിലും ആഭ്യന്തര വകുപ്പ് എസ് ഐ ടി രൂപീകരിച്ചിരിക്കുന്നത്.
‘രക്ഷാ പ്രവർത്തന’ത്തിൽ വിശദവാദം
നവകേരള സദസിനിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന ‘രക്ഷാപ്രവർത്തന’ കേസിൽ പ്രതികളായ അഞ്ച് ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വിശദമായ വാദം കേൾക്കുന്നു. കേസ് ഇന്ന് പരിഗണിച്ച ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ശനിയാഴ്ചയും വാദം കേൾക്കുമെന്ന് വ്യക്തമാക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി സുരക്ഷാ ചുമതല മാത്രമാണ് തങ്ങൾ നിർവഹിച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.
കരിങ്കൊടി ഉയർത്തി വാഹനത്തിന് മുന്നിലേക്ക് ചാടിയടുത്ത പ്രതിഷേധക്കാരിൽ നിന്നും മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല സുരക്ഷാ ജീവനക്കാർക്കായിരുന്നുവെന്നും, ആ സമയം മുഖ്യമന്ത്രി വലിയ സുരക്ഷാഭീഷണി നേരിട്ടിരുന്നതായും വ്യക്തമാക്കുന്ന അന്നത്തെ ഇന്റലിജൻസ് റിപ്പോർട്ട് പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. നിലവിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പൂർണ്ണമല്ലെന്നും മർദ്ദനത്തിന് തൊട്ടുമുമ്പുള്ള കാര്യങ്ങൾ അതിലില്ലെന്നും പരാതിക്കാരും പ്രോസിക്യൂഷനും ഈ വിഷ്വൽസിനെ മാത്രമാണ് ആശ്രയിക്കുന്നതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടായാൽ വാഹനത്തിൽ നിന്ന് ഇറങ്ങാമെന്നും അക്രമികളെ നേരിടാമെന്നും വ്യക്തമാക്കുന്ന 2011 ലെ സർക്കുലറും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
