യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണം; റേഡിയേഷൻ ഭീഷണിയില്ലെന്ന് വ്യക്തമാക്കി അധികൃതർ

malayalampress
1 Min Read

അബുദാബി: അബുദാബിയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഉണ്ടായ ഡ്രോൺ ആക്രമണവും തുടർന്നുണ്ടായ തീപിടിത്തവും പ്ലാന്‍റിന്‍റെ സുരക്ഷാ മാനദണ്ഡങ്ങളെ ബാധിച്ചിട്ടില്ലെന്നും റേഡിയേഷൻ ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു. ആണവനിലയത്തിന്റെ സുരക്ഷയെയോ അതിന്‍റെ പ്രധാന സംവിധാനങ്ങളുടെ പ്രവർത്തന സജ്ജതയെയോ ഈ തീപിടിത്തം ബാധിച്ചിട്ടില്ലെന്ന് യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ സ്ഥിരീകരിച്ചു.

ഞായറാഴ്ചയാണ് അൽ ദഫ്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന ബറാക്ക ആണവനിലയത്തിന് പുറത്തുള്ള ഇലക്ട്രിക് ജനറേറ്ററിൽ ഡ്രോൺ പതിച്ച് തീപിടിത്തമുണ്ടായത്. ആണവനിലയത്തിന്റെ ഉൾഭാഗത്തെ അതീവ സുരക്ഷാവേലിക്ക് പുറത്താണ് സംഭവം നടന്നതെന്ന് അബുദാബി മീഡിയ ഓഫീസ് വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നിലയത്തിലെ എല്ലാ യൂണിറ്റുകളും പതിവുപോലെ പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും, വ്യാജവാർത്തകൾ പ്രചരിപ്പിക്കാതെ ഔദ്യോഗിക വിവരങ്ങൾ മാത്രം ജനങ്ങൾ ആശ്രയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

മേഖലയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിൽ യുഎഇയിലെ പല തന്ത്രപ്രധാന കേന്ദ്രങ്ങളും തുടർച്ചയായി ലക്ഷ്യമിടുന്നുണ്ട്. എണ്ണ-വാതക പ്ലാന്‍റുകൾ, എയർപോർട്ടുകൾ, തുറമുഖങ്ങൾ, ജനവാസ മേഖലകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് നേരെ നേരത്തെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒരു ആണവനിലയത്തിന് തൊട്ടടുത്തേക്ക് ഡ്രോൺ പതിയുന്നത് ഇതാദ്യമായാണ് എന്നത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!