മൂത്തകുട്ടിയെ കടിച്ചു, ഇളയകുട്ടിയുടെ കാലില്‍ ചുറ്റി; തറയിലെ ടാര്‍പാളിന്‍ പൊക്കിയപ്പോള്‍ പാമ്പിന്റെ കൂട്ടം; വീട്ടുകാര്‍ വീടുപേക്ഷിച്ച് രക്ഷപെട്ടോടി…!

malayalampress
1 Min Read
പത്തനാപുരം: വീടിനുള്ളില്‍ പാമ്പുകള്‍ താവളമുറപ്പിച്ചതോടെ വീടുപേക്ഷിച്ച് പലായനം ചെയ്ത് കുടുംബം. പത്തനാപുരം പിടവൂര്‍ സ്വദേശിയായ രാജേഷും കുടുംബവും സ്വന്തം കൂര ഉപേക്ഷിച്ച് ബന്ധുവീട്ടില്‍ അഭയം തേടേണ്ടി വന്നിരിക്കുകയാണ്. നിരന്തരമായ പാമ്പ് ശല്യം കാരണം ജീവന്‍ തന്നെ അപകടത്തിലായതോടെയാണ് ഇവര്‍ക്ക് ഈ കടുത്ത തീരുമാനമെടുക്കേണ്ടി വന്നത്. ബുധനാഴ്ച രാത്രിയാണ് ദുരന്തങ്ങളുടെ തുടക്കം. ഉറക്കത്തിലായിരുന്ന പത്താം ക്ലാസ്സുകാരി രേവതിയുടെ മേലേക്ക് മേല്‍ക്കൂരയില്‍ നിന്നും പാമ്പ് വീഴുകയും കടിക്കുകയുമായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം കുട്ടി ഇപ്പോള്‍ മടങ്ങിവരികയാണ്.
രേവതിക്ക് പാമ്പുകടിയേറ്റതിന് തൊട്ടടുത്ത ദിവസം അനിയത്തി രേണുകയുടെ കാലില്‍ പാമ്പ് ചുറ്റിയെങ്കിലും കുട്ടി രക്ഷപ്പെട്ടു. പാമ്പിന്റെ രണ്ട് ആക്രമണസംഭവങ്ങള്‍ ഉണ്ടായതോടെ വീട്ടുകാര്‍ വീടും പരിസരവും വലിയ രീതിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. വീടിനുള്ളിലെ തറയില്‍ വിരിച്ചിരുന്ന ടാര്‍പ്പൊളിന്‍ മാറ്റിയപ്പോള്‍ പാമ്പിന്‍ കുഞ്ഞുങ്ങളുടെ വന്‍ ശേഖരം തന്നെ കണ്ടെത്തി. ഇതോടെ വനപാലകരെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും തറയിലെ വിടവുകളിലും മാളങ്ങളിലും ഒളിച്ച പാമ്പുകളെ പിടികൂടാന്‍ സാധിച്ചില്ല. സാമ്പത്തിക പരാധീനതകള്‍ മൂലം വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം. തറകെട്ടിയ കല്ലുകള്‍ക്കിടയിലെ വിടവുകള്‍ സിമന്റ് ഉപയോഗിച്ച് അടയ്ക്കാത്തത് പാമ്പുകള്‍ക്ക് സുരക്ഷിതമായ ഒളിത്താവളമൊരുക്കി.
ഷീറ്റും മറ്റും ഉപയോഗിച്ചുള്ള മേല്‍ക്കൂരയിലൂടെ പാമ്പുകള്‍ക്ക് എളുപ്പത്തില്‍ അകത്തുകയറാന്‍ സാധിക്കുന്നു. വീടിനുള്ളിലെ എലികളുടെ സാന്നിധ്യം ഇര തേടിയെത്തുന്ന പാമ്പുകളെ ആകര്‍ഷിക്കുന്നു. നട്ടെല്ലിന് പരിക്കേറ്റ രാജേഷിന് ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഭാര്യ സൂര്യ വീട്ടുജോലികള്‍ ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്. വീട് പൂര്‍ണ്ണമായും പൊളിച്ചു പണിയാതെ ഇനി അവിടെ താമസിക്കുക അസാധ്യമാണെന്ന് ഇവര്‍ കണ്ണീരോടെ പറയുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!