ബസിൽ മറന്നുവച്ച ചെരിപ്പെടുത്ത് തിരിച്ചിറങ്ങവേ കാറിടിച്ചു; ഒൻപതുകാരന് ദാരുണാന്ത്യം

News Desk
1 Min Read

കൊല്ലം: വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർഥി കാറിടിച്ച് മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ ഭവനിൽ നവാസ്–അനീഷ ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് (9) ആണ് മരിച്ചത്. ശൂരനാട് തെക്ക് തെങ്ങുംവിള ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച രാത്രി 11.30നായിരുന്നു അപകടം.

മദ്രസ വിദ്യാർഥികളുടെ വിനോദയാത്ര കഴിഞ്ഞെത്തിയ കുട്ടികൾ ബസിൽനിന്നിറങ്ങി റോഡിന്റെ മറുവശത്തേക്ക് പോയിരുന്നു. ഇതിനിടെ ബസിൽ ചെരിപ്പ് മറന്നുവെച്ച ആഹിൽ അതെടുക്കാൻ തിരികെ വന്നു. ചെരിപ്പെടുത്തശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആഹിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് നാലോടെ മരിച്ചു. ശൂരനാട് വടക്ക് പി.എസ്.പി.ടി.എം. എൽ.പി.എസ്. നാലാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം വെള്ളിയാഴ്ച തെങ്ങുംവിള ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. സഹോദരങ്ങൾ: അസ്ന, അമൽ.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!