ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു: ഭയന്നുവിറച്ച് യാത്രക്കാർ

News Desk
1 Min Read

സാന്റിയാഗോ: ആകാശത്ത് പറന്നുകൊണ്ടിരുന്ന വിമാനത്തിനുള്ളിൽ ഇടി മിന്നലേൽക്കുമ്പോൾ യാത്രക്കാർ പരിഭ്രാന്തരാകുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

ചിലിയിലെ അന്റോഫഗാസ്റ്റയിൽ നിന്ന് തലസ്ഥാനമായ സാന്റിയാഗോയിലേക്ക് സർവീസ് നടത്തിയ ലാറ്റം എയർലൈൻസ് വിമാനത്തിൽ ഒക്‌ടോബർ 20നാണ് സംഭവം. വിമാനം ലാൻഡ് ചെയ്യാൻ മിനിട്ടുകൾ മാത്രം ശേഷിക്കെയായിരുന്നു മിന്നൽ ഉണ്ടായത്. യാത്രക്കാരിലൊരാൾ പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മരിച്ചയാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
വിമാനത്തിനുള്ളിൽ പെട്ടെന്ന് വലിയ ശബ്‌ദവും വെളിച്ചവും ഉണ്ടായതോടെ യാത്രക്കാർ പരിഭ്രാന്തരാകുന്നത് ദൃശ്യങ്ങളിൽ കാണാം.

ചിലിയിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് സംഭവം. മിന്നലേറ്റങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. വിമാനം സുരക്ഷിതമായി സാന്റിയാഗോയിലെ ആർതുറോ മെറിനോ ബെനിറ്റസ് വിമാനത്താവളത്തിൽ ഇറങ്ങിയെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ എയർലൈൻ കമ്പനി വിശദീകരണവുമായി രംഗത്തെത്തി.

മിന്നലാക്രമണം വിമാനത്തിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും ഇത്തരം കാലാവസ്ഥാ പ്രതിസന്ധകളെ നേരിടാൻ കഴിയുന്ന രീതിയിലാണ് വിമാനങ്ങളുടെ ബോഡി രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും കമ്പനി അറിയിച്ചു. മിന്നലിൽ നിന്നുള്ള വൈദ്യുതി പ്രവാഹം സുരക്ഷിതമായി പുറത്തേക്ക് കടത്തിവിടാൻ വിമാനങ്ങളിൽ പ്രത്യേക സംവിധാനങ്ങളുണ്ടെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, ഒക്ടോബർ ആദ്യം പട്നയിൽ നിന്ന് ലക്‌നൗവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിനും പ്രതികൂല കാലാവസ്ഥയിൽ കേടുപാട് സംഭവിച്ചിരുന്നു. 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ശക്തമായി ആലിപ്പഴം വീണതിനെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തെ റഡോം (റഡാർ സംവിധാനം സംരക്ഷിക്കുന്ന പുറംഭാഗം) തകരാറിലായി.104 യാത്രക്കാരും ആറു ജീവനക്കാരുമുണ്ടായിരുന്ന വിമാനം അടിയന്തരമായി ലക്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. നിശ്ചയിച്ച സമയത്തേക്കാൾ എട്ട് മിനിട്ട് മുമ്പായിരുന്നു വിമാനം സുരക്ഷിതമായി ഇറക്കിയത്. യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കുകളില്ല. സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!