മലയാളീ സമാജം ദമാം ചാപ്റ്റർ സാഹിതീയം പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു

malayalampress
3 Min Read

ദമാം: സഊദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലെ അക്ഷരപുണ്യം മാധവിക്കുട്ടിയുടെ ‘നീർമാതാളം പൂത്തകാലം’, ലോകസാഹിത്യത്തിൽ ചർച്ചയാവുകയും അതോടൊപ്പം വിവാദങ്ങളുടെ അലയൊലി സൃഷ്ടിക്കുകയും ചെയ്ത ജോർജ് ഓർവെൽ രചിച്ച നോവൽ ‘1984’ എന്നിവയാണ് സാഹിതീയം വേദിയിൽ ചർച്ച ചെയ്യപ്പെട്ടത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദമാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സൗദി മലയാളീ സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ അധ്യക്ഷനായിരുന്നു. എഴുത്തുകാരൻ സമദ് റഹ്മാൻ കൂടല്ലൂർ ‘നീർമാതളം പൂത്ത കാലം’ എന്ന പുസ്തകവും ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ ഫാത്തിമ ഷാന വിഖ്യാതമായ ‘1984’ എന്ന പുസ്തകവും അവതരിപ്പിച്ചു.

നാമിന്ന് ജീവിക്കുന്ന കാലത്തിന്റെ നിർജീവതയിലേക്ക് നിഷ്കളങ്കതയും, ഗൃഹാതുരതയും, ബന്ധങ്ങളുടെ ഊഷ്മളതയും നിറയ്ക്കാൻ സാധിക്കുന്ന രചനയാണ് ‘നീർമാതളം പൂത്ത കാലം’ എന്ന് സമദ് കൂടല്ലൂർ പറഞ്ഞു. 1997ൽ വയലാർ അവാർഡ് കരസ്ഥമാക്കിയ കൃതിയാണ് നീർമാതളം പൂത്ത കാലം. മനസ്സിനെയും ഭാവനയേയും ഉണർത്തുന്ന ഈ പുസ്തകം 1940 കാലങ്ങളിലേക്ക് നമ്മെ കൊണ്ട് പോകും. നാലപ്പാട്ടും കൽക്കത്തയിലുമായി താൻ കേട്ടറിഞ്ഞതും തൊട്ടറിഞ്ഞതുമായ ബാല്യകൗമാര അനുഭവങ്ങളെയും ഓർമ്മകളെയും തുടച്ചു മിനുക്കി, ഹൃദയം തൊടുന്ന വാക്കുകളിൽ മനോഹരമായി മാധവിക്കുട്ടി ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ ബാല്യകാല ഓർമ്മകൾ എന്നതിന് അപ്പുറം ഒരു കാലഘട്ടത്തിൻ്റെ ജീവിതരീതികളും, ആശയങ്ങളും, വിശ്വാസങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്ന ഒരപൂർവ സാഹിത്യ സമാഹാരം ആണ് നീർമാതളം പൂത്ത കാലം. നമ്മളിലോരോരുത്തരും കണ്ടുമറന്നതും, മനസ്സിൽ സൂക്ഷിക്കുന്നതുമായ ചെറിയ നിമിഷങ്ങളെ നമുക്കായി എഴുതിയത് പോൽ ഒരനുഭവവും ഈ പുസ്തകം വായിക്കുമ്പോൾ ഉണ്ടാകാമെന്ന് പുസ്തകം അവതരിപ്പിക്കവേ സമദ് റഹ്‌മാൻ സൂചിപ്പിച്ചു.

1945ലെ രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള തന്റെ മുന്നിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ഒപ്പിയെടുത്ത് ഓർവൽ സാങ്കൽപ്പികമായ ഒരു രാഷ്ട്രത്തെ രൂപപ്പെടുത്തി അവതരിപ്പിച്ചിരിക്കുകയാണ് ‘1984’ എന്ന പുസ്തകത്തിലെന്ന് ഫാത്തിമ ഷാന പുസ്തകം അവതരിപ്പിക്കവേ ചൂണ്ടികാണിച്ചു. കാൽപനിക രാജ്യമായ ഓഷ്യാനയിലാണു കഥ നടക്കുന്നത്. ബിഗ് ബ്രദര്‍ എന്ന് അറിയപ്പെടുന്ന നേതാവാണു ഭരണ കർത്താവ്. അധികാരഭ്രമവും സ്വേച്ഛാധിപത്യവും കൊടികുത്തിവാഴുന്ന ആ ഭരണകാലത്തെ പകർത്തിയെഴുതിയ നോവൽ, എക്കാലവും ഭരണകൂടത്തിന്റെ ചവിട്ടടിയിൽ ഞെരിഞ്ഞമരുന്ന നിസ്സഹായരായ മനുഷ്യജീവിതങ്ങളുടെ നേർക്ക് വിരൽചൂണ്ടുകയാണ് ചെയ്യുന്നത്. എഴുതപ്പെട്ട് ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും, പഴക്കം തട്ടാതെ, കാലാഹരണപ്പെടാതെ, ഒരു വാക്ക് പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റേണ്ടതില്ലാത്ത രീതിയിൽ ഇന്നും നിലനിൽക്കുന്ന അനിതരസാധാരണമായ ഒരു രചനയാണ് 1984 എന്ന് ഫാത്തിമ ഷാന അഭിപ്രായപെട്ടു.

പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മുഹമ്മദ് നജാത്തി, സോഫിയ ഷാജഹാൻ, അഷ്‌റഫ്‌ ആലുവ, ഡോ. രശ്മി ചന്ദ്രൻ, പി.ടി അലവി, ഷിജു കലയപുരം, മുസ്തഫ ഹസൻ, ജ്യോത്സ്ന രഞ്ജിത്ത്, സജിത്ത് രാമകൃഷ്ണൻ, ലീനാ ഉണ്ണികൃഷ്ണൻ, ജോയ് തോമസ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഡോക്ടർ സിന്ധു ബിനു മോഡറേറ്റർ ആയിരുന്നു.7

രഞ്ജിത്ത് വടകര, ഷബീർ ചാത്തമംഗലം, ഉണ്ണുണ്ണി ഷിബു, ബിജു ഗോകുലം, നജ്മുസ്‍മാൻ നിലമ്പൂർ, പി.കെ നവാസ്, ലസീന നൗഷാദ്, ഗായത്രി ബിജു, രമാ മുരളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മലയാളി സമാജം ഭാരവാഹികളും നിർവഹകസമിതിയംഗങ്ങളുമായ മുരളീധരൻ, ഹുസൈൻ ചമ്പോളിൽ, നജ്മുസമാൻ കുളങ്ങരതൊടി, വിനോദ് കുഞ്ഞ്, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, നസീർ പുന്നപ്ര, ഹമീദ് കണിച്ചാട്ടിൽ, ഉണ്ണികൃഷ്ണൻ, നിഖിൽ മുരളീധരൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷനീബ് അബൂബക്കർ സ്വാഗതവും ബിനു കുഞ്ഞ് നന്ദിയും പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!