കൊച്ചി: വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബ് കല്ലട്ര പിടിയില്‍. ഗാസിയാബാദില്‍ നിന്നാണ്, ഒളിവിലായിരുന്ന നജീബിനെ പിടികൂടിയത്.
എറണാകുളം റൂറല്‍ പോലീസാണ് ഗാസിയാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. കാസര്‍കോട് സ്വദേശിയായ ഇയാളെ വൈകാതെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. കൊച്ചിയിലാണ് തട്ടിപ്പ് നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ പ്രതി ഡല്‍ഹിയിലേക്ക് കടന്നിരുന്നു. ഇവിടെ നിന്ന് വിദേശത്തേക്ക് പോകാനായിരുന്നു തീരുമാനമെന്ന് സംശയിക്കുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെയാണ് ഗാസിയാബാദിലേക്ക് എത്തിയത്. ഇയാള്‍ക്ക് തമിഴ്നാട്ടിലും മറ്റും അവയവദാന തട്ടിപ്പ് റാക്കറ്റുകളുണ്ടെന്നാണ് വിവരം.
കേസില്‍ നജീബിന്റെ ഭാര്യ കുന്നത്തുനാട് സ്വദേശി റഷീദയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികളായ സണ്ണി വര്‍ഗീസ്, സിനി വര്‍ഗീസ്, ശ്രീജ, സുധീര്‍, വിനോദ് എന്നിവര്‍ റിമാന്‍ഡിലാണ്. ജില്ലാ പോലീസ് മേധാവി കെ എസ് സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അവയവദാനത്തിന് കാത്തിരിക്കുന്ന സമ്പന്നരെ സമീപിച്ച ശേഷം അതിവേഗം അവയവദാതാവിനെ ഉറപ്പാക്കാന്‍ വന്‍ തുകയ്ക്ക് ഇടപാട് ഉറപ്പിക്കും. അതിന് ശേഷം സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നവരുടെ അവയവദാനത്തിന്റെ രേഖകള്‍ വ്യാജമായി നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. അവയവം നല്‍കുന്നവര്‍ക്ക് സ്വീകര്‍ത്താവില്‍ നിന്നും വാങ്ങുന്ന പണത്തിന്റെ ചെറിയൊരു ഭാഗമേ നല്‍കൂ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
