പഴകിയ തണ്ണിമത്തൻ ആണ് കഴിച്ചതെങ്കിലും അത് മരണത്തിന് കാരണമാകാൻ സാധ്യതയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്
മുംബൈ: മുംബൈയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ച സംഭവത്തിൽ ദുരൂഹത. ഭെണ്ടി ബസാർ നിവാസികളായ 40കാരനായ അബ്ദുല്ല ദൊക്കാഡിയ ഭാര്യ നസ്റീൻ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. അന്ധേരിയിൽ മൊബൈൽ ഷോപ്പ് നടത്തുകയായിയപുന്നു അബ്ദുല്ല. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയം. 25-ാം തീയതി രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മണിക്കൂറുകൾക്ക് ശേഷം കുടുംബാംഗങ്ങൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പൊലീസ് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30ഓടെ ഇവർ ബിരിയാണി കഴിച്ചിരുന്നു. ഇവരുടെ അഞ്ച് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. എന്നാൽ ബന്ധുക്കൾ പോയതിന് പിന്നാലെ പുലർച്ചെ 1നും 1.30നും ഇടയിൽ നാലംഗ കുടുംബം തണ്ണിമത്തനും കഴിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ 6 മണിയോടെ നാലുപേർക്കും ഛർദ്ദിയും വയറിളക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായി. പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും 4 പേരുടേയും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 10.30 ഓടെ സൈനബ്, മൂന്ന് മണിക്കൂറിന് ശേഷം നസ്രീൻ, വൈകുന്നേരം 5.15 ഓടെ ആയിഷ, രാത്രി 10.15 ഓടെ അബ്ദുള്ള എന്നിവർ മരണപ്പെട്ടു.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പഴകിയ തണ്ണിമത്തൻ ആണ് കഴിച്ചതെങ്കിലും അത് മരണത്തിന് കാരണമാകാൻ സാധ്യതയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. നാലുപേരുടെയും പോസ്റ്റ്മോർട്ടം നടത്തി, ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവ ദിവസം വിരുന്നിനെത്തിയ ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
