ബെംഗളൂരു: രാജ്യത്തെ ദുരന്ത നിവാരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻ ഡി എം എ) മെയ് 2ന് ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ നഗരങ്ങളിൽ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണം നടത്തുന്നു.
വ്യാഴാഴ്ച നടത്തുന്ന ഈ പരിശോധനയുടെ ഭാഗമായി പൗരന്മാരുടെ മൊബൈൽ ഫോണുകളിലേക്ക് ഉച്ചത്തിലുള്ള ബീപ്പ് ശബ്ദത്തോടു കൂടിയ സന്ദേശങ്ങൾ എത്തും. ഇത്തരം സന്ദേശങ്ങൾ ലഭിക്കുമ്പോൾ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.
സി ഡോട്ട് (സി ഡി ഒ ടി) എന്ന സ്ഥാപനവുമായി സഹകരിച്ചാണ് എൻ ഡി എം എ ഈ പരീക്ഷണം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതിനെക്കുറിച്ച് അറിയിച്ചുകൊണ്ടുള്ള എസ് എം എസുകൾ ബെംഗളൂരു നിവാസികൾക്ക് ലഭിക്കുന്നുണ്ട്. സെൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റത്തിന്റെ കാര്യക്ഷമത പരിശോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുൻപ് 2023 ലും സമാനമായ രീതിയിൽ ബെംഗളൂരുവിൽ പരീക്ഷണം നടത്തിയിരുന്നു.
അടിയന്തര സാഹചര്യങ്ങളിൽ തത്സമയം ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘സച്ചേത്’ (SACHET) എന്ന ഇന്റഗ്രേറ്റഡ് അലർട്ട് സിസ്റ്റത്തിന്റെ ഭാഗമായാണ് ഈ നടപടി. അടുത്തിടെ ബെംഗളൂരുവിലുണ്ടായ കനത്ത മഴയിൽ മതിലിടിഞ്ഞു വീണ് ഏഴ് പേർ മരിക്കാനിടയായ സാഹചര്യം കൂടി പരിഗണിച്ച്, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനാണ് മുൻഗണന നൽകുന്നത്.

