ചായയ്ക്ക് 15 രൂപ! ഗ്യാസ് വിലക്കയറ്റം, ഹോട്ടൽ മെനു ‘പൊള്ളുന്നു

News Desk
1 Min Read

തിരുവനന്തപുരം: പാചകവാതക വിലയിലുണ്ടായ അനിയന്ത്രിതമായ വർധനയെ തുടർന്ന് ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങളുടെ വിലവർധിപ്പിച്ചത് സാധാരണക്കാർക്ക് തിരിച്ചടിയാവുന്നു. സാധാരണക്കാരുടെ ആശ്രയമായ ചായയ്ക്കും ചപ്പാത്തിക്കും ഉൾപ്പെടെയാണു വില വർധിപ്പിച്ചിരിക്കുന്നത്.

മിക്ക ഹോട്ടലുകളിലും ചായയ്ക്ക് 15 രൂപയാണ് പുതുക്കിയ നിരക്ക്. 10–12 രൂപയിൽ നിന്നാണ് ഒറ്റയടിക്ക് 15 രൂപയിൽ എത്തിയത്. കാപ്പിയുടെ വില 22–25 നിരക്കിലാണ്. ​ചപ്പാത്തിക്ക് ഒരു രൂപ മുതൽ 5 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. ചപ്പാത്തി കോർണറുകളിലും വില കൂടിയിട്ടുണ്ട്. ഊണ്, ബിരിയാണി എന്നിവയ്ക്ക് 10 മുതൽ 20 % വരെ വർധനയുണ്ട്. ​ലഘുഭക്ഷണങ്ങൾ, പലഹാരങ്ങൾ എന്നിവയ്ക്ക് 3 രൂപ മുതൽ 8 രൂപ വരെ വർധനയുണ്ട്. തൊഴിലാളികൾ, ദിവസ വേതനക്കാർ, ഓഫിസ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവരെയാണ് വിലവർധന ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്.

അതേസമയം, സിലിണ്ടറിന്റെ വിലക്കയറ്റവും ദൗർലഭ്യവും മൂലം പിടിച്ചുനിൽക്കാനാവുന്നില്ല എന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ചെറുകിട ഹോട്ടലുകളെയാണ് സിലിണ്ടർ ക്ഷാമവും വിലക്കയറ്റവും സാരമായി ബാധിച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ചുയർന്നത് സ്ഥാപനങ്ങളുടെ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. പാചകവാതകത്തിനു പുറമേ പാൽ, ഭക്ഷ്യ എണ്ണ, പച്ചക്കറി എന്നിവയുടെ വില കൂടിയതും നിരക്ക് കൂട്ടാൻ കാരണമായി.

നഗരങ്ങളിൽ തൊഴിലിനെത്തുന്ന പലർക്കും പുറത്തു നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കാതെ നിവൃത്തിയില്ല. വില കൂട്ടുന്നതോടെ ഹോട്ടലുകളിൽ തിരക്ക് കുറയുമോയെന്ന ആശങ്കയും ഉടമകൾക്കുണ്ട്. ഒരു മാസം മുൻപ് പൂട്ടിയ ചെറിയ ഹോട്ടലുകളിൽ ചിലതു തുറന്നെങ്കിലും വീണ്ടും അടച്ചുപൂട്ടലിന്റെ വക്കിലാണ്. പാചകവാതകത്തിന് സബ്‌സിഡി അനുവദിക്കണം അല്ലെങ്കിൽ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം എന്ന ആവശ്യം ശക്തമാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!