തലശ്ശേരി: ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലായിരുന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും അനിയത്തിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുംചെയ്ത സംഭവത്തിൽ പ്രതിക്ക് 51 വർഷം കഠിനതടവും 1,19,000 രൂപ പിഴയും വിധിച്ച് കോടതി.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുപ്രകാരം കൂത്തുപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് മാങ്ങാട്ടിടം കണ്ടംകുന്ന് ചെമ്മനപ്പറമ്പിൽ സി.ജി.ശശികുമാറി(66)നെ തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എം.ടി.ജലജാറാണി ശിക്ഷിച്ചത്.
രണ്ടാം പ്രതിയും ശശികുമാറിന്റെ ഭാര്യയുമായ പി.ആർ.രത്നകുമാരിയെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു. പിഴയായി ലഭിക്കുന്ന തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്ന് ലീഗൽ അതോറിറ്റിയോട് കോടതി നിർദേശിച്ചു.
ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലുള്ള കുട്ടികളെ അവധിക്കാലത്തേക്ക് ചില വീടുകളിൽ ദത്ത് നിർത്താറുണ്ട് (ഫോസ്റ്റർ കെയർ).
2016-ൽ ഇങ്ങനെ പതിനാലുകാരിയെ സ്വന്തം വീട്ടിൽ താമസിപ്പിക്കാൻ ദമ്പതിമാർ കൊണ്ടുപോയി. ഈ കാലയളവിൽ പെൺകുട്ടിയെ കഠിനമായ വീട്ടുജോലികളെടുപ്പിച്ചിരുന്നു. 2016 സെപ്റ്റംബർ 10-ന് രത്നകുമാരി ബന്ധുവീട്ടിൽ പോയ സമയത്ത് പെൺകുട്ടിയെ കിടപ്പുമുറിയിൽ പൂട്ടിയിട്ട് ശശി പീഡിപ്പിച്ചുവെന്നാണ് കേസ്. മൂന്ന് ദിവസത്തോളം പീഡനം തുടർന്നു. വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്ന് ഗർഭം അലസിപ്പിക്കാൻ ശശിയുടെ നിർദേശപ്രകാരം രത്നകുമാരി തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഗർഭച്ഛിദ്രം നടന്നില്ല. തുടർന്ന് കുട്ടിക്ക് വിശ്രമം നൽകാതെ കഠിനജോലികൾ എടുപ്പിക്കുകയും വയറ്റിൽ വെട്ടുകല്ല് കയറ്റിവച്ച് രക്തസ്രാവമുണ്ടാക്കി ഗർഭം അലസിപ്പിക്കുകയും ചെയ്തു.
തെളിവില്ലാതാക്കാൻ ആശുപത്രി രേഖകളും മരുന്നിന്റെ കുറിപ്പടികളും നശിപ്പിച്ചു. 2018-ൽ പെൺകുട്ടിയുടെ അനിയത്തിയെയും വീട്ടിലെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് അനിയത്തി പരാതിപ്പെടുകയായിരുന്നു. കൗൺസലിങ്ങിലാണ് തങ്ങൾ നേരിട്ട ക്രൂരതകൾ കുട്ടികൾ വെളിപ്പെടുത്തിയത്. കൂത്തുപറമ്പ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ബിനു മോഹൻ നടത്തിയ സമഗ്രമായ അന്വേഷണമാണ് കേസിൽ നിർണായകമായത്. ഇൻസ്പെക്ടർ എൻ.സുനിൽകുമാറും സബ് ഇൻസ്പെക്ടർ കെ.ടി.സന്ദീപും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം.ഭാസുരി ഹാജരായി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
