അലഹബാദ്: ഹിന്ദു മതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചതിന് മാതാപിതാക്കൾ അഞ്ച് വർഷത്തോളമായി തടങ്കലിൽ പാർപ്പിച്ചിരുന്ന രണ്ട് യുവതികളെ ഉടൻ മോചിപ്പിക്കാൻ അലഹബാദ് ഹൈക്കോടതി (Allahabad High Court) ഉത്തരവിട്ടു.
ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് സന്ദീപ് ജെയിൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. അനധികൃതമായി മക്കളെ തടങ്കലിൽ വച്ചതിന് യുവതികളുടെ മാതാപിതാക്കൾക്കും ഉത്തർപ്രദേശ് സർക്കാറിനും സംയുക്തമായി 25 ലക്ഷം രൂപ പിഴയും കോടതി ചുമത്തി.
യുവതികളെ എത്രയും വേഗം സ്വതന്ത്രരാക്കണമെന്നും അവരുടെ ജീവിതത്തിലോ വ്യക്തിപരമായ തീരുമാനങ്ങളിലോ പോലീസ് യാതൊരുവിധ ഇടപെടലുകളും നടത്തരുതെന്നും കോടതി കർശന നിർദേശം നൽകി. ഹേബിയസ് കോർപ്പസ് (Habeas Corpus) ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. മുതിർന്ന വ്യക്തികൾക്ക് തങ്ങളുടെ ഇഷ്ടാനുസരണം മതം തിരഞ്ഞെടുക്കാനും ജീവിക്കാനുമുള്ള പൂർണ്ണ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ബലപ്രയോഗമോ വഞ്ചനയോ ഇല്ലാതെ മുതിർന്ന സ്ത്രീകൾ സ്വമേധയാ ഇസ്ലാം മതം സ്വീകരിക്കുന്നതും വിവാഹം കഴിക്കുന്നതും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ (Fundamental Rights) പരിധിയിൽ വരുന്നതാണെന്നും, പിതാവിനുപോലും ഇതിൽ ഇടപെടാൻ അവകാശമില്ലെന്നും ജൂലൈ 31 ന് നടന്ന വാദത്തിനിടെ കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
വ്യക്തിപരമായ തിരഞ്ഞെടുപ്പുകളുടെയും മതവിശ്വാസത്തിന്റെയും പേരിൽ മുതിർന്ന സ്ത്രീകളുടെ സ്വാതന്ത്ര്യം തടയാൻ കുടുംബാംഗങ്ങൾക്ക് അവകാശമില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ സയ്യിദ് കൈഫ് ഹസൻ, കൻവാർ സുൽത്താൻ അലി എന്നിവർ വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 21 (Article 21) പ്രകാരം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് മുൻ വിധികൾ ഉദ്ധരിച്ച് കോടതി ഓർമ്മിപ്പിച്ചു. വിശദമായ കോടതി ഉത്തരവ് ഉടൻ പുറത്തുവരും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
