കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്നലെയായിരുന്നു കൂടിക്കാഴ്ച.
അഹമ്മദാബാദ് ലുലു മാൾ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തന പുരോഗതി യൂസഫലി അമിത് ഷായ്ക്ക് വിശദീകരിച്ചു നൽകി. അഹമ്മദാബാദിലെ ചാന്ദ് ഖെഡയിലാണ് നാലായിരം കോടി രൂപ നിക്ഷേപത്തിൽ ഷോപ്പിങ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, സർവീസ് അപ്പാർട്ട്മെന്റ് എന്നിവ അടങ്ങിയ വൻ പദ്ധതി വരുന്നത്.
ലുലു ഗ്രൂപ്പ് അടുത്തിടെ ഏറ്റെടുത്ത 21 ഏക്കർ ഭൂമിയിലാണ് പദ്ധതി ഒരുങ്ങുന്നത്. 15,000 തൊഴിൽ അവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടും. കൂടാതെ ഫുഡ് പാർക്ക്, ഫിഷ് പ്രോസസിങ് പ്ലാന്റ് എന്നിവയും സംസ്ഥാനത്ത് ഒരുക്കാൻ ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സഹകരണവും പിന്തുണയും കൂടിക്കാഴ്‌ചയിൽ മന്ത്രി ഉറപ്പ് നൽകി.
ലുലു ഇന്റർനാഷണൽ ഹോൾഡിംങ്സ് ചീഫ് ഓപ്പറേഷൻസ് ഓഫിസർ എ.വി.ആനന്ദ് റാമും സംബന്ധിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
