ചണ്ഡീഗഡ്: ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. ചണ്ഡീഗഡ് വിമാനത്താവളത്തിലാണ് സംഭവം. ഹൈദരാബാദിൽനിന്ന് ചണ്ഡീഗഡിലേക്ക് വരുകയായിരുന്നു വിമാനം.
‘മേയ് 5ന് ഹൈദരാബാദിൽനിന്ന് ചണ്ഡീഗഡിലേക്ക് വരുകയായിരുന്ന ഇൻഡിഗോ ഫ്ലൈറ്റ് 6ഇയിൽ യാത്രക്കാരന്റെ ഇലക്ട്രോണിക് വസ്തുവിന് തീപിടിച്ചതോടെ അടിയന്തര ലാൻഡിങ് നടത്തി.’–ഇൻഡിഗോ എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് എല്ലാ യാത്രക്കാരെയും ഉടൻ തന്നെ പുറത്തിറക്കിയെന്നും ഇൻഡിഗോ പറഞ്ഞു.
യാത്രക്കാരെ അടിയന്തര വാതിലുകളിലൂടെ പുറത്തിറക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. സംഭവത്തിൽ അഞ്ച് യാത്രക്കാർക്ക് നിസാര പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തെ തുടർന്ന് കാബിനിൽ പുക നിറഞ്ഞെന്നും യാത്രക്കാർ പറഞ്ഞു.
പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് സ്ഥിരീകരിച്ചതായി ഡിജിസിഎയും വ്യക്തമാക്കിയിട്ടുണ്ട്. ചണ്ഡീഗഡിൽ ലാൻഡ് ചെയ്യാൻ തുടങ്ങുന്നതിനു മുൻപാണ് യാത്രക്കാരൻ സീറ്റിനു സമീപം സൂക്ഷിച്ചിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചത്. വിമാന ജീവനക്കാർ അഗ്നിശമന സംവിധാനം ഉപയോഗിച്ച് തീകെടുത്താൻ ശ്രമിക്കുകയും തുടർന്ന് വിമാനത്തിന്റെ ആറ് അടിയന്തര സ്ലൈഡുകളിലൂടെ യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തെന്ന് ഡിജിസിഎ അറിയിച്ചു
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
