‘കയറുമായി മുറിയില്‍ കയറി, രക്ഷിക്കണം സാറേ…’; 40 കാരന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഫോൺ, രക്ഷകരായി കേരളപൊലീസ്

malayalampress
1 Min Read

കൊല്ലം: കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ മരണക്കുരുക്കിൽ നിന്ന് രക്ഷപെടുത്തി കൊട്ടാരക്കര പൊലീസ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ കൊട്ടാരക്കരയിലാണ് സംഭവം. 40 കാരന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്നുവെന്ന അടിയന്തര സന്ദേശം പൊലീസിന് ലഭിച്ചു. പിന്നാലെ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തുകയായിരുന്നു. മിന്നൽ വേഗത്തിൽ സ്ഥലത്തെത്തിയ പൊലീസ് കതക് ചവിട്ടി തുറന്നു. മരിക്കാനായി കയറുമായി മുറിയില്‍ കയറി, കഴുത്തില്‍ കുരുക്കിട്ട യുവാവ് കയറിൽ തൂങ്ങിപ്പിടയുന്നതാണ് പൊലീസ് കണ്ടത്.

പൊലീസുദ്യോഗസ്ഥർ സെക്കന്റുകള്‍ക്കുള്ളില്‍ യുവാവിനെ ഉയര്‍ത്തിപ്പിടിച്ച് കഴുത്തിലെ കുരുക്ക് അഴിച്ച് വീടിന് പുറത്തെത്തിച്ചു.ഒട്ടും വൈകാത പൊലീസ് വാഹനത്തിൽ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു. കൊട്ടാരക്കര എസ്‌ഐ പങ്കജ് കൃഷ്ണ, സിപിഒ കിരണ്‍ എന്നിവരാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. യുവാവിന്‍റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും കൗൺസിലിംഗ് നൽകുമെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!