ഹയർ സെക്കൻഡറി മോഡൽ പരീക്ഷയിൽ ചോദ്യമായി മോഹൻലാൽ; തെറ്റ് ചൂണ്ടിക്കാട്ടി ആരാധകർ

malayalampress
1 Min Read

കൊച്ചി: പ്രായഭേദമന്യേ മലയാളികളുടെ ഇഷ്ടതാരമാണ് മോഹൻലാൽ. നടനെ ഒന്ന് കാണാനും സംസാരിക്കാനും കൊതിക്കാത്ത മലയാളികളുണ്ടാകാറില്ല. കഴിഞ്ഞ ദിവസം, ഹയർ സെക്കൻഡറി മോഡൽ പരീക്ഷ എഴുതാൻ ഇരുന്ന വിദ്യാർഥികൾ ചോദ്യപേപ്പറിലെ മോഹൻലാലിനെ കണ്ട് അതിശയിച്ചുപോയി. ഇംഗ്ലീഷ് പരീക്ഷയിലെ ഒരു ചോദ്യം നടന്റെ ജീവിതരേഖ തയാറാക്കാനായിരുന്നു.

മോഹൻലാലിന്റെ കുട്ടികളുടെ പേരുൾപ്പെടെയുള്ള സൂചനകളും ചോദ്യത്തിന്റെ ഭാഗമായി നൽകിയിരുന്നു. അഞ്ച് ദേശീയ പുരസ്കാരങ്ങൾ, പത്മഭൂഷൺ, പത്മശ്രീ തുടങ്ങി അടുത്തിടെ ലഭിച്ച ദാദ സാഹേബ് ഫൽക്കെ അവാർഡ് വരെ ഉൾപ്പെടുത്തി പ്രൊഫൈൽ തയ്യാറാക്കാനായിരുന്നു ചോദ്യം. ഈ ചോദ്യം കുട്ടികളെ ആവേശത്തിലാഴ്ത്തി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

നടനെപ്പറ്റി എല്ലാം അറിയാം എന്ന് തെല്ല് അഹങ്കാരത്തോടെ തന്നെ പറയുന്ന ആരാധകർ ചോദ്യത്തിൽ നൽകിയിരുന്ന സൂചനകളിലെ ചില തെറ്റുകളും കണ്ടെത്തി കഴിഞ്ഞു. 1978ൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലൂടെ മോഹൻലാൽ അഭിനയരംഗത്തെത്തി എന്നാണ് ചോദ്യത്തിൽ പറയുന്നത്.

എന്നാൽ, 1978ൽ റിലീസ് ആയ ‘തിരനോട്ടം’ ആണ് മോഹൻലാലിന്റെ ആദ്യ ചിത്രം. 1980ലാണ് ഫാസിൽ ചിത്രം ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ൽ വില്ലനായി ലാൽ എത്തിയത്. അതുപോലെ, വരാനിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിലാണ് ‘വൃഷഭ’ എന്ന ചിത്രം കൊടുത്തിരിക്കുന്നത്. എന്നാൽ, ഈ സിനിമ റിലീസ് ചെയ്തു കഴിഞ്ഞു എന്ന് ആരാധകർ തിരുത്തുന്നു. എന്തായാലും, ഈ ചോദ്യ പേപ്പർ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!