ജ്വല്ലറിയിൽ വൻ കവർച്ച: ജീവനക്കാർക്കുനേരെ വെടിയുതിർത്ത് നാലംഗസംഘം

News Desk
1 Min Read

പെരുങ്ങോട്ടുകുറിശി: ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് നാലംഗ സംഘം ജ്വല്ലറിയിൽനിന്ന് 20 പവൻ കവർന്നു. പെരുങ്ങോട്ടുകുറിശി ഇഷാൻ ജ്വല്ലറിയിൽ ഇന്ന് ഉച്ചയ്ക്ക് 2.30നാണ് വൻ കവർച്ച. കവർച്ചയ്ക്ക് ശേഷം തിരുവില്വാമല ഭാഗത്തേക്ക് കാറിൽ രക്ഷപെട്ട കവർച്ചാ സംഘത്തിനായി പൊലീസ് തിരച്ചിൽ തുടങ്ങി. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളിൽ തോക്കു ചൂണ്ടുന്നതും കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും കാണാം. ഉടമ സനാദിന്റെ വീടിനോടു ചേർന്നാണ് ഇഷാൻ ജ്വല്ലറി. സനാദും ഭാര്യ ദിവ്യയ്ക്കും പുറമേ രണ്ടു ജീവനക്കാർ കൂടി ആ സമയം കടയിൽ ഉണ്ടായിരുന്നു.

സനാദും ജീവനക്കാരും ജ്വല്ലറിക്കു പിന്നിൽ ഭക്ഷണം കഴിക്കുമ്പോഴാണ് നാലംഗ സംഘം എത്തിയത്. ആ സമയം ദിവ്യയും മറ്റൊരു ജീവനക്കാരിയും കൗണ്ടറിൽ ഇരുന്നു. കവർച്ചാ സംഘത്തിൽ ഡ്രൈവർ കാറിലിരുന്നു. മൂന്നു പേർ ജ്വല്ലറിയിൽ കയറി സ്വർണമാല ആവശ്യപ്പെട്ടു. മാല എടുക്കുന്നതിനിടെ സംഘം തോക്കു പുറത്തെടുത്തു. രണ്ടു പേർ കത്തിയും വീശി. ജീവനക്കാർ ചെറുക്കാൻ ശ്രമിച്ചെങ്കിലും അലമാരയിൽനിന്ന് ഏതാനും ആഭരണങ്ങളുടെ പെട്ടി എടുത്തു. ദിവ്യയും ജീവനക്കാരിയും സ്റ്റൂളും മറ്റും കൊണ്ട് ചെറുക്കാൻ ശ്രമിച്ചപ്പോൾ സംഘം വെടിയുതിർത്തു. സനാദും മറ്റുള്ളവരും ഓടിയെത്തിയപ്പോഴേക്കും സംഘം കാറിൽ രക്ഷപ്പെട്ടു. ഇവർ ഹിന്ദിയാണ് സംസാരിച്ചതെന്നു നാട്ടുകാർ പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!